ദേശീയപതാക തലതിരിച്ചുയര്‍ത്തിയ സംഭവം: 2 പൊലീസുകാര്‍ക്ക് വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്, വകുപ്പുതല നടപടിയെടുക്കും

By Web TeamFirst Published Jan 26, 2022, 7:20 PM IST
Highlights

എ ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. 

കാസര്‍കോട്: കാസർകോട് റിപ്പബ്ലിക് ദിന പരിപാടിയിൽ (Republic Day Celebrations) ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. എ ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും ഉത്തരവായി. സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എഡിഎം ലാന്‍റ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചു.

കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ചടങ്ങിലാണ് ദേശീയ പതാക തലതിരിച്ചുയർത്തിയത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച് ഗാർഡ് ഓഫ് ഓണറും കഴിഞ്ഞ ശേഷമാണ് തെറ്റ് മനസിലായത്. മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മത്രമാണ് പതാക തല തിരിഞ്ഞത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തെറ്റ് മനസിലാക്കിയതോടെ പതാക താഴ്ത്തി ശരിയായ രീതിയിൽ ഉയർത്തി. 

കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയർത്തൽ. സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

click me!