'ഇനിയെങ്കിലും ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?'; നടന്‍ ആര്യന്‍ മേനോന്‍

By Web TeamFirst Published May 25, 2020, 12:21 PM IST
Highlights

ഇത്‌ പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന്‌ അത്‌ കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹമാണ്‌- ആര്യന്‍ 

കൊച്ചി: സ്ത്രീധനമോഹികള്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നതിനെതിരെ പ്രതികരണവുമായി നടന്‍ ആര്യന്‍ മേനോന്‍. നൂറുപവന്‍ സ്വർണവും വലിയൊരു തുക സ്ത്രീധനവും നല്‍കിയാണ് ഉത്രയും പറക്കോട്ട് സ്വദേശിയായ സൂരജും തമ്മിലുള്ള വിവാഹം നടന്നത്. ഒടുവില്‍ സൂരജ് തന്നെ മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച് സ്വന്തം ഭാര്യയെ കൊലപ്പെടുത്തി. ഇങ്ങനെയുള്ള ക്രൂരതകള്‍ കണ്ടിട്ടെങ്കിലും സ്ത്രീധന മോഹികള്‍ക്ക്  മകളെ വിവാഹം കഴിപ്പിച്ച് നല്‍കരുതെന്നാണ് നടനും സംവിധായകനുമായ ആര്യന്‍ പറയുന്നത്.

ലോണും മറ്റ്‌ കട ബാധ്യതകളുമായി നിങ്ങൾ ഈ കിലോ കണക്കിന്‌ സ്വർണ്ണം വാങ്ങി അണിയിച്ച്‌ ഇട്ട്‌ ഒരു അപരിചിതന്‍റെ  കൂടെ മകളെ പറഞ്ഞയക്കുന്നത് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?  ഇത്‌ പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന്‌ അത്‌ കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹമാണ്‌- ആര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

ഇനിയെങ്കിലും പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ നശിച്ച സ്ത്രീധനം കൊടുക്കുന്ന പണി ഒന്ന് നിർത്തുമോ?? സ്ത്രീധനം ചോദിക്കുന്നവന്റെ താടിക്ക്‌ തട്ടാനുള്ള ധൈര്യം കാണിക്കുമോ?? പെൺകുട്ടിക്ക്‌ അവളുടെ പങ്കാളിയേ കണ്ടെത്തി കല്ല്യാണം കഴിക്കാനുള്ള സമയവും,സാവകാശവും കൊടുക്കുമോ?? അവൾക്ക്‌ അവളുടെ ജീവിത്തിൽ തീരുമാനം എടുക്കാൻ ഉള്ള സ്പേസ്‌ നൽകുമോ?? 

ലോണും മറ്റ്‌ കട ബാധ്യതകളുമായി നിങ്ങൾ ഈ കിലോ കണക്കിന്‌ സ്വർണ്ണം വാങ്ങി അണിയിച്ച്‌ ഇട്ട്‌ ഒരു അപരിചിതന്‍റെ  കൂടെ മകളെ പറഞ്ഞയക്കുന്നത് സുരക്ഷ കിട്ടും എന്ന് കണ്ടിട്ടാണോ?? ഇത്‌ പോലെ 96 പവനും, ഒരു ബലേനോ കാറും ചോദിച്ച ഒരു മണകുണാഞ്ചന്‌ അത്‌ കൊടുത്ത ഒരു അമ്മക്കും അച്ഛനും പകരമായി കിട്ടിയത്‌ പാമ്പ്‌ കടിയേറ്റ്‌ മരിച്ച മകളുടെ മൃതദേഹമാണ്‌!!

ഇനി അഥവാ അങ്ങനെ നൽകാൻ പൈസ ഉണ്ടെങ്കിൽ ആ പൈസക്ക്‌ അവളെ പഠിപ്പിക്കൂ - അതുമല്ലെങ്കിൽ അവൾക്കായി, അവൾക്ക്‌ independent ആയി ജീവിക്കാനുള്ള ഒരു മൂലധനമായി നൽകൂ. ഈ കല്ല്യാണം, പ്രസവം ഇതൊക്കെ നൈസർഗ്ഗികമായി അവളുടെ ചോയിസ്‌ ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ. ഒരു ബാധ്യത തീർക്കുന്ന പോലെ ആണ്‌ പല മാതാപിതാക്കൾക്കും.. അവൾ ഒന്ന് ചിറക്‌ വിരിച്ച്‌ പറക്കാൻ തുടങ്ങുമ്പോഴേക്കും പിടിച്ച്‌ അങ്ങ്‌ കെട്ടിക്കും. എന്നിട്ട്‌ ഒരു പറച്ചിലാണ്‌ "ഹോ ആ ഭാരം അങ്ങ്‌ കഴിഞ്ഞല്ലോ.. സമാധാനമായി.." എന്ത്‌ സമാധാനം??

ഇനി അടുത്ത ഒരു കാര്യം.. ഞാൻ അമ്മയാവാൻ തൽപര്യപ്പെടുന്നില്ല എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ അതിനെ അനുഭാവപൂർവ്വം കണ്ട്‌ ആ തീരുമാനത്തിന്റെ കൂടെ നിൽക്കാൻ മനസ്സുള്ള എത്ര ആളുകൾ ഉണ്ട്‌ നമ്മുടെ സമൂഹത്തിൽ?? സൗമ്യ കനിയേ carry ചെയ്യുന്ന സമയം ഞാൻ ആശുപ്ത്രിയിൽ വെച്ച്‌ പരിചയപ്പെട്ട ഒരു സ്ത്രീ അവരുടെ ഏഴാമത്‌ pregnancy ആയി വന്നിരിക്കുകയാണ്‌ കഴിഞ്ഞ 6 തവണ അബോർഷനായി അതും ആറാം മാസത്തിലും ഏഴാം മാസത്തിലും എല്ലാം.. തന്റെ ജീവന്‌ വരെ അത്‌ ഭീഷണിയായി എന്ന് പറഞ്ഞത്‌ കേട്ട്‌ സൗമ്യ ചോദിച്ചൂ, "അപ്പോൾ ഇപ്പോഴും റിസ്ക്ക്‌ അല്ലെ??" അവർ തിരിച്ച്‌ പുഞ്ചിരിയോടെ ചോദിച്ച ചോദ്യമുണ്ട്‌

"എനിക്ക്‌ ഇതല്ലാതെ ഒരു ചോയിസ്‌ ഉണ്ടോ??"

#LetItBeHerChoice

Read More: 'സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവര്‍'; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍ 

click me!