Dileep : 11 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപ് പുറത്തിറങ്ങി

By Web TeamFirst Published Jan 23, 2022, 8:12 PM IST
Highlights

പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ (Dileep) ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് ആലുവയിലെ വീട്ടിലേക്ക് മടങ്ങിയത്. 

ദിലീപിന്‍റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് (Crime Branch) വ്യത്തങ്ങളുടെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കിയത്.  തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് ദിലീപിൽ നിന്നും ലഭിച്ചത് . അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഗുഢാലോചനയെന്ന ആരോപണം തെറ്റാണെന്ന നിലപാടിലാണ് ദിലീപ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നും കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോഴും അതുവേണ്ടെന്ന് പറഞ്ഞുവെന്നും ദിലീപ് പറയുന്നു. നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് അറിയിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. 

ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത് . ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരീ ഭർത്താവുമായ സുരാജ് എന്നിവരടക്കം ആറ് പ്രതികളാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. എസ് പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്. 

അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന സർക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.  ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുകയെന്ന ഗൂഢോദ്ദേശമാണ് സർക്കാരിനെന്നാണ് ദിലീപിന്‍റെ ആരോപണം. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടക്കെടുത്ത സാക്ഷിയാണെന്നും ദിലീപ് ആരോപിച്ചു. സർക്കാരിന്‍റെ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും. 

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമാണെന്നുതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നാളെ ഈ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ആവശ്യത്തെ എതിർത്തുള്ള ദിലീപിന്‍റെ നീക്കം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹർജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളെ വിശ്വാസത്തിലെടുക്കാനാകില്ല. തുടരന്വേഷണം നടത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും ദിലീപ് ആരോപിക്കുന്നു.

click me!