
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങളും ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധയുമൊക്കെ പലപ്പോഴും വാർത്തകളാവാറുണ്ട്. അടിമുടി മാറ്റങ്ങളുമായി കെഎസ്ആർടിസി നവീകരിക്കപ്പെടുമ്പോഴും ചില ജീവനക്കാരുടെ പ്രവൃത്തികൾ വകുപ്പിന് നാണക്കേടുണ്ടാക്കാറുണ്ട്. ചിലരാകട്ടെ പ്രശംസിക്കപ്പെടുകയും ചെയ്യും. ഒരേ സമയം ബസ് ജീവനക്കാരിൽ നിന്നും മോശം അനുഭവവും നല്ല അനുഭവും ഉണ്ടായ കാര്യം പങ്കുവെക്കുകയാണ് നടൻ കിഷോർ സത്യ. കിഷോർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് വന്നിടിച്ചതും തുടർന്ന് ഡ്രൈവറുടേയും കണ്ടക്ടറുടേയും പെരുമാറ്റത്തെക്കുറിച്ചും കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് എഴുതിയ കത്തിൽ താരം താൻ ഡ്രൈവറിൽ നിന്നും നേരിട്ട ദുരനുഭവും അതേസമയം കണ്ടക്ടറുടെ നല്ല സമീപനവും വിവരിക്കുന്നു. കാറിന് പിന്നിൽ ബസ് ഇടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഡ്രൈവർ ഇരുന്നപ്പോൾ അജീഷ് എന്ന കണ്ടക്ടർ ഓടി വന്ന് ക്ഷമ പറയുകയും, ഫോൺ നമ്പർ തന്ന് വാഹനത്തിന്‍റെ തകരാർ പരിഹരിക്കാൻ വേണ്ടത് ചെയ്യാമെന്നും പറഞ്ഞു. ഒരു സോറി പറയാനുല്ള മര്യാദ കാണിക്കാത്ത ഡ്രൈവറെപ്പോലെയുള്ളവർ കോർപറേഷന്റെ ബാധ്യതയും ശാപവുമാണ്. എന്നാൽ അജീഷിനെ പോലെയുള്ളവരാണ് സർ അങ്ങയുടെ പിൻബലമെന്നും കിഷോർ കുറിച്ചു. കണ്ടക്ടർ അജീഷിന് ഞാൻ എന്റെ ഹൃദയത്തിൽ നിന്നും ഒരു 'ഗുഡ് സർവീസ് എൻട്രി മെഡൽ" ഇതാ സമർപ്പിക്കുന്നുവെന്നും താരം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം
ബഹു :ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ. ബി. ഗണേഷ് കുമാർ സർ,
നമ്മുടെ KSRTC യിലെ ഈ അജീഷിനെ പോലെയുള്ളവരാണ് സർ അങ്ങയുടെ പിൻബലം. ഇന്നലെ വൈകിട്ട് 7 മണിയോടെ ഞാൻ കഴക്കൂട്ടം ഭാഗത്തുനിന്നും ശ്രീകാര്യത്തേക്ക് കുടുംബമായി വരുകയായിരുന്നു. ജംഗ്ഷൻ എത്തുന്നതിനു മുൻപ് വഴിയിൽ ട്രാഫിക് ബ്ലോക്ക് കാരണം ഞാൻ വണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. പെട്ടന്ന് വണ്ടിയൊന്നു അനങ്ങി. നോക്കുമ്പോൾ നിർത്തിയിട്ടിരുന്ന എന്റെ കാറിന്റെ പിന്നാമ്പുറത്തു വന്ന് ഒരു KSRTCഫാസ്റ്റ് പാസ്സഞ്ചർ ബസ്സ് മുത്തമിട്ടു. ഞാൻ പുറത്തിറങ്ങി, ഡ്രൈവറോട് പറഞ്ഞു, നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയിൽ കൊണ്ട് ഇടിക്കുന്നത് ഒരു മര്യാദയാണോ?! അദ്ദേഹം ഇതൊന്നും എനിക്ക് ബാധകമല്ല എന്ന മട്ടിൽ സ്റ്റിയറിങ്ങ് വീലിൽ ഇരു കൈകളും പിടിച്ച് പ്രതിമപോലെയിരുന്നു. മിഥുനം സിനിമയിൽ തേങ്ങ ഉടയ്ക്ക് സ്വാമി എന്ന് ജഗതി ചേട്ടൻ അക്രോശിക്കുമ്പോൾ കൈയ്യും കെട്ടി നിർവികാരനായി നിൽക്കുന്ന ഇന്നെസെന്റ് ചേട്ടന്റെ മുഖഭവമായിരുന്നു ആ ഡ്രൈവർക്ക്.
ഞാൻ ചിത്രങ്ങൾ എടുത്ത ശേഷം കാർ സൈഡിലേക്ക് പാർക്ക് ചെയ്തു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതല്ലോ. പക്ഷെ ഈ ഡ്രൈവർ സർ ബസ് മാറ്റാതെ അതെ ഇരുപ്പ് തുടർന്നു. ബസിൽ നിന്നും യാത്രക്കാർ ഇറങ്ങി വന്ന് യാത്ര മുടങ്ങുന്നതിലെ അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു. ഒരാൾ വന്ന് പരുഷമായും സംസാരിച്ചു. അപ്പോൾ ഒരു ചെറുപ്പക്കാരൻ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു, സർ എന്റെ പേര് അജീഷ്, ഞാൻ ഈ ബസിന്റെ കണ്ടക്ടർ ആണ്. സോറി സർ, ഞാൻ പുറകിൽ ആയിരുന്നു. ഇപ്പോഴാണ് കാര്യം മനസ്സിലായത്. സോറി സർ. എന്ത് വേണമെന്ന് സർ പറഞ്ഞാൽ മതി. എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞു.
ഡ്രൈവറുടെ മോശം പെരുമാറ്റത്തെ പറ്റി ഞാൻ പറഞ്ഞു. ഒരു പക്ഷെ ഞാൻ ചെന്നപ്പോൾ "സോറി" എന്നൊരു വാക്ക് എങ്കിലും പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ 'its ok' എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുമെടുത്തു ഞാൻ പോയേനെ എന്ന് പറഞ്ഞു. എത്ര മാന്യവും മധുരവുമായാണ് അജീഷ് പെരുമാറിയത്! അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ ഫോൺ നമ്പറും കൈമാറി. ക്രൈസിസ് മാനേജ്മെന്‍റിന്‍റെ ഒരു ഉത്തമ ഉദാഹരണമായിരുന്നു അജീഷിന്റെ ആ പെരുമാറ്റം.
സർ, KSRTC യെ മെച്ചപ്പെടുത്താൻ അങ്ങ് ഊണും ഉറക്കവും വെടിഞ്ഞു പരിശ്രമിക്കുന്നത് ഏറെ അടുത്ത് നിന്ന് മനസ്സിലാക്കുന്ന ഒരാൾ എന്ന നിലയ്ക്ക് അജീഷിനെ പോലെയുള്ള തൊഴിലാളികളാണ് അങ്ങയുടെ അല്ല നമ്മുടെ കരുത്ത്! ഒപ്പം നിർത്തിയിട്യിരുന്ന വാഹനത്തിന്റെ പിന്നിൽ ബസ് കൊണ്ട് ഇടിച്ചിട്ട് പാറ പോലെയിരുന്ന ആ ഡ്രൈവറെപ്പോലെയുള്ളവർ കോർപറേഷന്റെ ബാധ്യതയും ശാപവും! കണ്ടക്ടർ അജീഷിന് ഞാൻ എന്റെ ഹൃദയത്തിൽ നിന്നും ഒരു 'ഗുഡ് സർവീസ് എൻട്രി മെഡൽ" ഇതാ സമർപ്പിക്കുന്നു. പിന്നെ, ഞാൻ ഒരു നടൻ ആയതുകൊണ്ട് എന്നെ തിരിച്ചറിഞ്ഞത് കൊണ്ട് അദ്ദേഹം നൽകിയ പ്രിവിലേജ് അല്ലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു സാധാരണക്കാരൻ ആയിത്തന്നെയാണ് എന്നോട് ഇടപെട്ടത്. അവസാനം നന്ദി പറഞ്ഞു തിരികെ ബസിൽ കയറാൻ തുടങ്ങിയപ്പോൾ മാത്രമാണ് അനീഷ് എന്നെ തിരിച്ചറിഞ്ഞത് പോലും! (തിരക്കിനിടയിൽ അജീഷിന്റെ ഒരു ഫോട്ടോ എടുക്കാൻബി പറ്റിയില്ല എന്ന വിഷമം ബാക്കി നിൽക്കുന്നു.)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam