
കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി പിഴ സംഖ്യ കെട്ടിവെച്ചു. കൊച്ചിയിലെ നെഗോഷ്യബിൾ ഇൻസ്ട്രമെന്‍റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് റിസബാവ 11 ലക്ഷം രൂപയുമായി കോടതിയിൽ കീഴടങ്ങിയത്. കൃത്യസമയത്ത് തുക കെട്ടിവെക്കാത്തതിന് കോടതി പിരിയും വരെ റിസബാവയോട് കോടതി മുറിയിൽ തുടരാൻ ജഡ്ജ് നിർദ്ദേശിച്ചു.
2014 ലാണ് നടൻ റിസ ബാവ എളമക്കര സ്വദേശി സാദിക്കിൽ നിന്ന് 11 ലക്ഷം രൂപ കടമായി വാങ്ങിയത്. റിസബാവയുടെ മകളുമായി സാദിക്കിന്‍റെ മകന് വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിലായിരുന്നു ഇടപാട്. എന്നാൽ കൃത്യസമയത്ത് തുക തിരിച്ച് നൽകാൻ റിസബാവയ്ക്ക് കഴിയാതെ വന്നതോടെ ഉറപ്പിനായി 11 ലക്ഷം രൂപയുടെ ചെക്ക് സാദിക്കിന് നൽകി.
എന്നാൽ വീണ്ടും അവധി പറഞ്ഞതോടെയാണ് ചെക്കുമായി സാദിക് കോടതിയെ സമീപിച്ചത്. വണ്ടി ചെക്ക് നൽകി വഞ്ചിച്ച സംഭവത്തിൽ മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചു. റിസബാവ നൽകിയ അപ്പീലിൽ ശിക്ഷ ഒരുമാസമായി കുറച്ചെങ്കിലും പിഴയടക്കാൻ റിസബാവ തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് റിസബാവ കോടതിയിൽ ഹാജരായത്. കെട്ടി വെക്കേണ്ട തുക കോടതിയിൽ ഹാജരാക്കിയെങ്കിലും പിരിയുന്നത് വരെ കോടതി മുറിയിൽ തുടരാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam