ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം 'സർക്കാർ സ്പോൺസേർഡ്' ആണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ ആരോപിച്ചു. രാഷ്ട്രീയ വിരോധം മൂലം ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അവരെ സ്ഥലം മാറ്റിയെന്നും, ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന് പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ. ദീപ ലേഖയുടെ വേർപാടിൽ സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധം വച്ചാണ് ദീപ ലേഖയെ സ്ഥലം മാറ്റിയതെന്ന് റിയാസ് ആരോപിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് അവർ അപേക്ഷിച്ചിരുന്നെങ്കിലും, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സർക്കാർ അവരെ മാറ്റുകയായിരുന്നു. പരസ്യമായി റെഡിയായിക്കോ ട്രാൻസ്ഫറിന് എന്ന് വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. രാഷ്ട്രീയ ഭീരുവായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുഖ്യമന്ത്രിയെ ആരെങ്കിലും വിമർശിച്ചാൽ അദ്ദേഹം അസഹിഷ്ണുത കാണിക്കുകയാണെന്നും റിയാസ് പറഞ്ഞു.

എംഡിഎംഎ കേസിൽ അടുത്തിടെ പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും റിയാസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മെസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ കായിക മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും, അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി റിയാസ് വ്യക്തമാക്കി.