അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്.

തിരുവനന്തപുരം: ഇടത് ഭരണ കാലത്തെ അഭിമാന പദ്ധതിയായിരുന്ന കെ ഡിസ്ക് സംവിധാനം പൊളിച്ചെഴുതാൻ യുഡിഎഫ്. കെ ഡിസ്ക് പ്രവർത്തനങ്ങളിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ക്രൂരമായ നടപടിയെന്നും കുടുംബശ്രീയിൽ വലിയ അസ്വസ്ഥത ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു

യുവാക്കൾക്കും തൊഴിലന്വേഷകരുക്കും ഇടയിലെ ഫലപ്രദമായ ഇടപെടലാണ് ഇടത് സർക്കാർ കേരളാ ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൌൺസിൽ അഥവ കെ ഡിസ്ക് കൊണ്ട് ലക്ഷ്യമിട്ടത്. ഫീൽഡ് സർവെ മുതൽ നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും തുടങ്ങി തൊഴിലന്വേഷണത്തിന് വരെ കുടുംബശ്രീക്കായിരുന്നു ചുമതല. പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർമാരും അവരുടെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന ജില്ലാ പ്രോഗ്രാം ഓഫീസർമാരും ഓഗസ്റ്റ് 31 നകം സേവനം അവസാനിപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. വീടുതോറും കയറി ഇറങ്ങി സർവെയും നൈപുണി വികനവും തൊഴിൽ പരിശീലനവും ജോലി സാധ്യത കണ്ടെത്തലുമൊക്കെയായി കുടുംബശ്രീ നടത്തിവന്ന പ്രവർത്തനങ്ങളും ഇതോടെ നിലക്കുന്ന സ്ഥിതിയാണ്.

മുഖ്യമന്ത്രി ചെർമാനും ധനമന്ത്രി വൈസ് ചെയര്‍മാനും ആയ സംവിധാനത്തിന്‍റെ പൂർണ്ണ ഉത്തരവാദിത്തം നിലവിൽ വിഡി സതീശനാണ്. കെ ഡിസ്കിന്‍റെ പ്രവർത്തനം താളം തെറ്റും എന്നതുമാത്രമല്ല 4000 രൂപ മാത്രം ഓണറേറിയം കൈപ്പറ്റി നടത്തിവന്ന ഒട്ടേറെ പ്രവർത്തകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയും കുടുംബശ്രീ ചൂണ്ടിക്കാട്ടുന്നു. കെ ഡിസ്കിന്‍റെ തുടർച്ച സംബന്ധിച്ച് അറിയിപ്പുകളൊന്നും സർക്കാർ പക്ഷത്ത് നിന്ന് നിലവില്ല. പദ്ധതി കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമെന്നാണ് വിശദീകരണം

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain