
കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് പൊലീസ്. നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പാണ് ഇഴകീറിയുള്ള പരിശോധന. ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ഹോട്ടലില്‍ തങ്ങിയത് ലഹരി ഉപയോഗിക്കാനും ഗൂഢാലോചനയ്ക്കുമെന്നാണ് ഷൈനിനെതിരായ എഫ്ഐആറിൽ പറയുന്നത്. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി ഇന്നലെ പുറത്തിറങ്ങി. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് ഉത്തമ വിശ്വാസം വന്നു.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തി. കേസിൽ പ്രതി ചേർത്തതായും പൊലീസ് അറിയിച്ചു. ഇന്ന് ഷൈൻറെ ഒപ്പമിരുത്തി മുർഷിദിനെ ചോദ്യം ചെയ്തു. ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തനിക്ക് 22ന് കൂടുതൽ സൗകര്യം എന്നും അന്ന് വരുമെന്നും ഷൈൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു,
ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിൻറെ തുടർ നീക്കങ്ങളാകും ഇത് തീരുമാനിക്കുക. അതേസമയം, വിൻസിയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്നതാണെന്നുമാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്. വിൻസി കുടുംബ സുഹൃത്താണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. താൻ അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. ഇക്കാര്യം സൂത്രവാക്യം സിനിമയുടെ സംവിധായകനോ നിർമാതാവോ ശരിവെയ്ക്കില്ലെന്നും അവരോട് ആവശ്യമെങ്കിൽ വിളിച്ചു ചോദിക്കുവെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. സിനിമയുടെ സെറ്റിൽ താൻ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഷൈൻ മൊഴി നൽകി.
ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെൻററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തിൽ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആൻറി ഡോപ്പിംഗ് ടെസ്റ്റിൻറെ ഫലമാണ് ഇനി നിർണായകം. ഷൈൻറെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തിൽ പിടിച്ച് നിന്നെങ്കിലും പൊലീസിൻറെ തുടർ ചോദ്യങ്ങൾക്ക് മുന്നിൽ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈൻറെ ഫോൺ കോളുകളും നിർണായകമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam