
തൃശൂർ: ഷൈൻ ടോം ചാക്കോയെ വേട്ടയാടുന്നെന്ന് കുടുംബം. ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണെന്ന് കുടുംബം പറഞ്ഞു. വിൻസിയുമായും വിൻസിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഇരു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരുമെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം പറഞ്ഞു. സിനിമാ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബത്തിൻ്റെ പ്രതികരണം.
നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻസിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണ് എന്ന് അറിയില്ല. വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രതികരണത്തിന് ഇല്ലെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം വ്യക്തമാക്കി.
പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. റെയ്ഡ് വിവരം ചോർന്നതിനു പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam