
കൊച്ചി: നടിയെ ആക്രിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്ക് ഗൂഢാലോചനയിലടക്കം പങ്കില്ലെന്നും ഇക്കാര്യം അതിജീവതയുടെ മൊഴിയിലുണ്ടെന്നും ഹർജിയിലുണ്ട്. കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രോസിക്യുഷന്‍റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിലുണ്ട്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണ് വിചാരണ കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.ക്രിസ്മസ് അവധിക്കുശേഷമായിരിക്കും കേസിൽ സര്‍ക്കാര്‍ അപ്പീൽ നൽകുക. അതിനുള്ളിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ രണ്ടാം പ്രതിയായ മാര്‍ട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. മാര്‍ട്ടിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്‍റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതടക്കം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിൻ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്. വീഡിയോ ഷെയര്‍ ചെയ്തവരും പ്രതികളാകുമെന്നാണ് തൃശൂര്‍ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ 27 ലിങ്കുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വീഡിയോ പ്രചരിപ്പിച്ചവരും കമന്‍റ് ഇട്ടരവും അടിയന്തരമായി അതെല്ലാം ഡിലീറ്റ് ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും കമ്മീഷണറ്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam