എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'

Published : Dec 18, 2025, 09:52 PM IST
VD Satheesan

Synopsis

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഇതാണോ സർക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ജനമൈത്രി പൊലീസെന്നും അദ്ദേഹം ചോദിച്ചു.

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ​ഗർഭിണിയായ സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷനെന്നും പ്രതികരണം. എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സി.പി.എമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ്.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ..

'കേരള പൊലീസിന്റെ കൊടുംക്രൂരത വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യം കൂടി ഇന്ന് പുറത്തു വന്നിരിക്കുകയാണ്. നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയത് ചോദ്യം ചെയ്ത് കൈക്കുഞ്ഞുമായി എത്തിയ ഗര്‍ഭിണിയെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ആക്രമിച്ചത്. മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കള്ളക്കേസെടുക്കുകയും ചെയ്തു. ഒരു വര്‍ഷം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോടതി ഇടപെടലിലാണ് സി.സി ടി.വി ദൃശ്യം പുറത്തുവന്നത്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്.

ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സി.പി.എമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.

പിണറായി വിജയന്‍ എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒന്‍പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരും. സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പൊലീസ് ക്രൂരമായി ആക്രമിക്കുന്നത്.

ടി.പി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡി.ഐ.ജി പ്രവര്‍ത്തിക്കുന്നതും ഇതേ പിണറായി വിജയന്‍ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പൊലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണം'- വിഡി സതീശൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'