
എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോപണ വിധേയനായ നിലവിലെ അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചുവെന്നും സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് ആ സാഹചര്യത്തിൽ പെട്ടെന്ന് പ്രതിരോധിക്കാനായി അത്തരത്തിൽ പ്രതികരിച്ചതെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ബെഞ്ചോ എന്ന് പറഞ്ഞയാള്‍ രണ്ടു മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പ്രതാപചന്ദ്രൻ പറഞ്ഞു. ഒരു സ്ത്രീയെ ആക്രമിച്ച കേസിലും മോഷണ കേസ് പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസിനെ ആക്രമിച്ച കേസിലും ബെൻ പ്രതിയാണ്. ആ കേസുമായി ബന്ധപ്പെട്ടാണ് ബെഞ്ചോയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. രണ്ടു മൂന്നു ദിവസം ഒളിവിൽ കഴിഞ്ഞശേഷം ബെഞ്ചോയെ അവര്‍ സ്റ്റേഷനില്‍ കൊണ്ടുവരുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ആസൂത്രണം ചെയ്തപ്പോലെ സ്റ്റേഷനിൽ സ്ത്രീ അതിക്രമം നടത്തിയത്. ഭര്‍ത്താവിനെ വിട്ടുനൽകിയില്ലെങ്കിൽ കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്നും താനും മരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വനിതാ പൊലീസുകാരെയടക്കം തള്ളിമാറ്റിയാണ് അവര്‍ സ്റ്റേഷനിൽ കയറിയത്. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കിൽ അവര്‍ തറയിൽ എറിയുമായിരുന്നു. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്. എന്നെ രണ്ടു തവണ അവര്‍ തള്ളി. വീണ്ടും അതിക്രമം നടത്തിയപ്പോഴാണ് അത്തരത്തിൽ പ്രതികരിച്ചത്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അവര്‍ അത്തരത്തിൽ അതിക്രമം കാണിച്ചത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി അവിടെ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുങ്ങളെ വെച്ച് അവര്‍ വിലപേശുകയായിരുന്നുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.
നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രൻ 2024ൽ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മുഖത്തടിച്ചക്കുകയും നെഞ്ചിൽ പിടിച്ചു തള്ളുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സ്റ്റേഷനിലെത്തിയ എൻജെ ഷൈമോളാണ് മര്‍ദനത്തിനിരയായത്. ഷൈമോളുടെ മുഖത്തടിക്കുന്നതും നെഞ്ചിൽ പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൂരമര്‍ദനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024ൽ തന്ന പൊലീസ് മര്‍ദനത്തെക്കുറിച്ച് ഷൈമോള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തെളിവായി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇതിനായി കോടതിയെ സമീപിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ഇപ്പോഴാണ് കോടതിയിൽ നിന്ന് ഷൈമോള്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. ഷൈമോളെ മര്‍ദിച്ച എസ്എച്ച്ഒയെ മറ്റു പൊലീസുകാര്‍ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പ്രതാപചന്ദ്രനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. സംഭവത്തിൽ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.എസ്എച്ച്ഒക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് വിവരം. അതേസമയം, നിലവിൽ എസ്എച്ച്ഒയ്ക്കെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നുമാണ് ആലപ്പുഴ എസ്‍പി മോഹനചന്ദ്രൻ പ്രതികരിച്ചത്. ഒന്‍പത് മാസം മുമ്പാണ് പ്രതാപചന്ദ്രൻ അരൂര്‍ എസ്എച്ച്ഒ ആയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam