
കൊച്ചി: രാജ്യം ഉറ്റുനോക്കുന്ന കേസിലെ ശിക്ഷാവിധി അൽപ്പസമയത്തിനകം ഉണ്ടാകും. നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ 11മണിക്ക് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്‍റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ നിന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പം ദിലീപ് കോടതിയിൽ പ്രവേശിക്കുകയായിരുന്നു. അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. കേസിലെ പത്തു പ്രതികളും കോടതിയിൽ നേരിട്ടെത്തണം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തി.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലി തോമസും കേസിലെ പ്രതിയായ വടിവാള്‍ സലീം എന്ന സലീമും കോടതിയിലെത്തി. പ്രോസിക്യൂട്ടര്‍ അടക്കമുള്ള അഭിഭാഷകരും കോടതിക്കുള്ളിലെത്തി. വിധി കേള്‍ക്കുന്നതിനായി കോടതി മുറി അഭിഭാഷകരുടക്കമുള്ളവരാൽ നിറഞ്ഞു. അൽപ്പസമയത്തിനകം കോടതി നടപടികള്‍ ആരംഭിക്കും.കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിൽ ഇന്ന് വിധി വരുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. കേസിലെ പത്തു പ്രതികളുടെയും അഭിഭാഷകരും കോടതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
സുനിൽകുമാര്‍ (പള്‍സര്‍ സുനിൽ), മാര്‍ട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ് വിപി, സലിം എന്ന വടിവാള്‍ സലീം, പ്രദീപ് എന്നീ ആറു പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവര്‍ക്ക് പുറമെ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ളി തോമസ് കേസിലെ ഏഴാം പ്രതിയാണ്. കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് എട്ടാം പ്രതിയായ ദിലീപിനെതിരായ കേസ്. പ്രതികളെ ജയിലിൽ സഹായിച്ച സനൽകുമാര്‍ ആണ് ഒമ്പതാം പ്രതി. അപ്പുണ്ണിയുമായും നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന് സഹായം നല്‍കിയതാണ് സനൽകുമാറിനെതിരായ കുറ്റം. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട ശരജ് ജി നായരാണ് പത്താം പ്രതി.