
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിജീവിക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സിപിഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. പക്ഷേ അത് കൃത്യമായ രീതിയിൽ തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിൻ്റെ പ്രതികരണത്തിന് പ്രസക്തിയില്ല. എല്ലാ ക്രിമിനലുകളേയും നേരിട്ട് കൊണ്ടാണ് പൊലീസ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ കേസിൻ്റെ വിധിയിൽ യഥാർത്ഥത്തിൽ ഗൂഢാലോചന തെളിയിക്കപ്പെടുന്നതിന് അപ്പീൽ പോവും. സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. അതിജീവിത വിധിയിൽ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. പൂർണ തൃപ്തിയുള്ള വിധിയല്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപ്പീൽ നൽകാൻ തീരുമാനിച്ചു. ഈ സർക്കാരും മുഖ്യമന്ത്രിയുമല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും മന്ത്രി പി രാജീവ് ചോദിച്ചു.
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. കോടതി അവസാനത്തേത് അല്ല. പീഡിപ്പിച്ചവർ ആരെന്ന് കണ്ടെത്തിയിരിക്കുന്നു. ഇനി ഗൂഢാലോചന നടത്തിയവരിലേക്ക് അധിക ദൂരമില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം.
ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു മേൽ ഉദ്യോഗസ്ഥനും ക്രിമിനൽ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പാക്കിയത്. മുഖ്യപ്രതിയെയും അയാളുടെ ജയിലിലെ കൂട്ടാളികളെയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ ഉണ്ടാക്കി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നെന്നും തന്റെ ജീവിതം, കരിയർ ഒക്കെ നശിപ്പിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും ദിലീപ് നന്ദി പറഞ്ഞു.