
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും വിധി വിശദമായി പഠിച്ചശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രി സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കോടതി നിരീക്ഷണം നടത്തി വിധി പറഞ്ഞിരിക്കുകയാണ്. കണ്ടെത്തിയിട്ടുള്ള നിഗമനങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും പഠിച്ചശേഷമേ അഭിപ്രായം പറയാനാകു. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണ്. ഇത്തരം കാര്യങ്ങളിൽ കര്‍ശനമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കും. ഇത്തരമൊരു വിഷയം ആദ്യം ഉണ്ടായപ്പോള്‍ തന്നെ എത്ര ഉന്നതനായാലും നിയമത്തിന്‍റെ മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന നിലപാടാണ് സര്‍ക്കാരിനുണ്ടായിരുന്നത്. അതിജീവിതക്കൊപ്പമാണ് വ്യക്തമാക്കിയ സര്‍ക്കാര്‍ ഒരു സിനിമ നയം തന്നെ രൂപീകരിക്കാനുള്ള സാഹചര്യം വരെയുണ്ടാക്കി. സര്‍ക്കാരിന്‍റെ നിലപാടിൽ നിന്ന് പിന്നോട്ടു പോകില്ല.ഇത്തരം സംഭവങ്ങളിൽ അതിജീവിതക്കൊപ്പമായിരിക്കും സര്‍ക്കാര്‍. ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരായ കോടതിയുടെ നിരീക്ഷണം അടക്കം അറിയേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പ്രതികരിച്ചു. കോടതി അവസാനത്തേത് അല്ലെന്നും പീഡിപ്പിച്ചവര്‍ ആരാണെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നുവെന്നും ഇനി ഗൂഢാലോചന നടത്തിയവരിലേക്ക് അധികം ദൂരമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ്, ഏഴാം പ്രതിയായ ചാര്‍ലി തോമസ്, ഒമ്പതാം പ്രതി സുനിൽകുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഒന്ന് മുതൽ ആരുവരെയുള്ള പ്രതികളായ സനിൽകുമാര്‍ എന്ന പള്‍സര്‍ സുനി, മാര്‍ട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വിപി വിജീഷ്, സലിം എച്ച്, പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷാവിധിയിൽ ഈ മാസം 12ന് വാദം നടക്കും. ആറുവരെയുള്ള പ്രതികളുട ജാമ്യം റദ്ദാക്കി കാക്കനാട്ടെ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യും. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വെക്കൽ, ബലപ്രയോഗം, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം ആറു പ്രതികള്‍ക്കെതിരെയും തെളിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam