
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ ആവശ്യപ്പെടുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.
കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് നിന്ന് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതിയായിരുന്നു. 2024 ൽ അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് അന്വേഷണ റിപ്പോർട്ട് നൽൽകിയത്. എന്നാൽ പ്രധാന ചോദ്യങ്ങൾക്കൊന്നും റിപ്പോർട്ടിൽ ഉത്തരമുണ്ടായിരുന്നില്ല. മൂന്ന് കോടതികളിലായി നാല് തവണ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടത്തി. ജില്ലാ കോടതിയിൽ ക്ലർക്ക് മഹേഷ് മോഹനനന്‍റെ കൈവശം 5 മാസം മെമ്മറികാർഡ് ഇരുന്നു. അത് പരിശോധിച്ച ഫോൺ നശിപ്പിച്ചെന്ന് മൊഴി ഉണ്ടായിട്ടും തുടർ അന്വേഷണത്തിന് ശുപാർയുണ്ടായില്ല. പ്രത്യേക കോടതിയിലെ ക്ലർക്കും അനധികൃത പരിശോധന സമ്മതിച്ചു. മെമ്മറികാർഡ് ഇട്ട ഫോൺ തീവണ്ടി യാത്രക്കിടെ കളഞ്ഞുപോയെന്ന് പറഞ്ഞ മൊഴി വിശ്വാസത്തിലെടുത്താണ് അന്തിമ റിപ്പോർട്ട്. എന്തിനായിരുന്നു ഈ പരിശോധന എന്നോ ഇതിന് കാരണക്കാരായവർക്ക് സാമ്പത്തിക നേട്ടമടക്കം ഉണ്ടായോ എന്നതിലൊന്നും കൂടുതൽ അന്വേഷണമുണ്ടായില്ല. അന്വേഷണത്തിലൊരിക്കലും സൈബർ വിദഗ്ധന്‍റെ സേവനവും തേടിയില്ല. റിപ്പോർട്ടിലെ കണ്ടെത്തലും സാക്ഷി മൊഴികളും തമ്മിൽ നിരവധി വൈരുദ്ധ്യമുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി സ്വന്ത്ര സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം പ്രഖ്യാപിക്കണം എന്നതാണ് അതിജീവിതയുടെ ആവശ്യം. അന്വേഷണ സംഘത്തിൽ സൈബർ, ഫോറൻസിക് വിദഗ്ധരെയും ഉൾപ്പെടുത്തണമെന്ന് ഹർജിയിൽ പറയുന്നുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിയമപോരാട്ടത്തിന് അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ തേടിയിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടത്തിൽ അതിജീവിതയ്ക്ക് കൈത്താങ്ങ് നൽകേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് ട്രസ്റ്റ് ഇറക്കിയ അഭ്യർത്ഥനയിൽ പറയുന്നു. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്. അവൾക്കൊപ്പം ട്രസ്റ്റ് അഭ്യർത്ഥന ഡ ബ്ല്യു സി സിയടക്കം പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച അവർക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റാണ് ഉന്നത കോടതികളിലെ കേസ് നടത്തിപ്പിനായി പൊതുസമൂഹത്തിന്‍റെ സംഭാവനകൾ തേടുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സമൂഹം അതിജീവിതയ്ക്കൊപ്പം കൈകോർക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ തിരിച്ചറിവാണ് ഞങ്ങളെ ഒന്നിപ്പിച്ചതെന്നും ട്രസ്റ്റ് പങ്കുവെച്ച അഭ്യർത്ഥനയിൽ പറയുന്നു. എറണാകുളത്തെ പ്രത്യേക കോടതി വിധിയ്ക്കെതിരെ സർക്കാർ നിലവിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനൊപ്പം കേസിൽ അതിജീവിത കൂടി അപ്പീൽ നൽകുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷക വൃന്ദ ഗ്രോവർ തന്നെയാകും നടിയ്ക്കായി കേസ് നടത്തുക. നേരത്തെ ഹാജരായ അഡ്വ ടി ബി മിനി വക്കാലത്ത് ഒഴിഞ്ഞിരുന്നു. ഫീസ് വാാങ്ങാതെയായിരുന്നു മിനി കേസിൽ ഹാജരായത്. ഇതോടൊപ്പം കേസ് നടത്തിപ്പിന് ഭീമമായ തുക ഫീസ് ആയി വരുമെന്നതിനാലാണ് പൊതുജനങ്ങളുടെയും സഹായം അഭ്യർത്ഥിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam