Dileep: 'മാധ്യമ വിചാരണ നടത്തുന്നു, വാര്‍ത്തകള്‍ വിലക്കണം'; ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Published : Feb 16, 2022, 08:50 AM IST
Dileep: 'മാധ്യമ വിചാരണ നടത്തുന്നു, വാര്‍ത്തകള്‍ വിലക്കണം'; ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Synopsis

കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress attack case) മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ (Dileep) ഹർജി ഹൈക്കോടതി (high court) ഇന്ന് പരിഗണിക്കും. സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. 

കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നാളെ അഞ്ച് വർഷം പൂര്‍ത്തിയാകും.  ഇപ്പോഴും നീതി കിട്ടാതെ അതിജീവിത നിയമപോരാട്ടത്തിലാണ്. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീർണ്ണമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും ഇന്ന് അവസാനിക്കും. സിനിമ ലോകവും കേരളവും ഞെട്ടലോടെ കേട്ട സംഭവമാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകന്‍റെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്.

203 മത്തെ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കോടതി നടപടികളിൽ എതിർപ്പുയർത്തി രണ്ടാമത്തെ സെപ്ഷ്യൽ പ്രോസിക്യൂട്ടറും രാജി വെച്ചത്. ഇതിനിടെയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കേസിലെ സങ്കീർണ്ണതകൾ കൂട്ടി പുതിയ വെളിപ്പെടുത്തൽ നടത്തുന്നതും കേസിൽ തുടർ അന്വേഷണം ഉണ്ടാകുന്നതും. അധികമായി വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയ 5 സാക്ഷികളുടെ വിസ്താരം മാത്രമായിരുന്നു ഇനി നടക്കേണ്ടത്. എന്നാൽ പുതിയ വെളിപ്പെടുത്തലിൽ തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തിവെക്കണമെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

വെളിപ്പെടുത്തൽ ആയുധമാക്കി ദിലീപിനും കൂട്ടാളികൾക്കുമെതിരെ ഉദ്യോഗദസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ക്രൈം ബ്രാ‌ഞ്ച് എടുത്ത കേസ് പ്രതികളെ നടി കേസിൽ കൂടുതൽ കരുക്കിലാകുമെന്ന് ഏവരും കരുതി. എന്നാൽ തെളിവ് എവിടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്നിൽ കാര്യമായ ഉത്തരമില്ലാതെ അന്വേഷണ സംഘം വിയർത്തു. തുടർ അന്വേഷണം തന്നെ ചോദ്യം ചെയ്ത് നിലവിൽ ദിലീപ് നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ കോടതി സ്വീകരിക്കുന്ന നിലപാട് നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയിലും ഏറെ നിർണ്ണായകമാകും.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി