
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) അന്വേഷണ സംഘത്തിന് ആശ്വാസമായി ഹൈക്കോടതി വിധി. 5 പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നല്‍കി. ഫോൺവിളി വിശദാംശങ്ങളുടെ ഒറിജിനൽ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യവും അംഗീകരിച്ചു. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിരസിച്ച രണ്ട് ഉത്തരവുകൾ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതടക്കം 12 സാക്ഷികളെ വിസ്തരിക്കാൻ അനുമതി വേണമെന്നായിരുന്നു പ്രധാന ആവശ്യം. മറ്റൊന്ന് പ്രതികളുടെ ഫോൺവിളി വിശദാംസങ്ങളോടൊപ്പം സേവന ദാതാക്കളിൽ നിന്ന് 65 ബി സർട്ടിഫിക്കറ്റ് കൂടെ വിളിച്ചുവരുത്തണമെന്നായിരുന്നു. ഫോൺരേഖകളുടെ ഒറിജിനൽ വിളിച്ചു വരുത്തണമെന്ന ആവശ്യം പൂർണ്ണമായി അംഗീകരിച്ച ഹൈക്കോടതി സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള ആവശ്യം അംഗീകരിച്ചില്ല. അതേസമയം, ലിനീഷ, കണ്ണദാസൻ, ഉഷ, സുരേഷ് സത്യമൂർത്തി അടക്കമുള്ള 5 പുതിയ സാക്ഷികളെയും പുതുതായും വിസ്തരിക്കാം.
കേസിന്‍റെ ഗൂഡാലോചന തെളിയിക്കാനും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാനും ചില സാക്ഷികളെ വീണ്ടു വിസ്തരിക്കണ്ടത് പ്രധാനമാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്. പ്രതികളുടെ ഫോൺവിളി വിശദാംശങ്ങളോടൊപ്പം ഒറിജിനൽ രേഖ ഇല്ലാതിരുന്നാൽ ഗൂഡാലോചനയിലെ സുപ്രധാന വാദങ്ങൾ അപ്രസ്ക്തമാകുമായിരുന്നു. നടൻ ദിലീപ്, പൾസർ സുനി, ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണി അടക്കമുള്ളവരുടെ ഫോൺ സംഭാഷണം ഗൂഡാലോചനയിലെ പ്രധാന തെളിവായി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ പുതിയ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനകം നിയമിക്കാനുള്ള നടപടി എടുക്കാൻ ഡിജിപിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam