
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. മെയ് 9 ലെ ഉത്തരവിലൂടെയാണ് ആവശ്യം കോടതി തള്ളിയത്. കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. ഉത്തരവ് കൈപ്പറ്റാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ഉത്തരവ് അയച്ചിരുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി. മുൻപ് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും പറഞ്ഞു.അതേസമയം കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 31 ന് വാദം തുടരും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് എംവി ജയരാജൻ
കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നിലപാടുകളിൽ സംശയം ഉന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. നടി സീൽഡ് കവറിൽ കൊടുത്ത കാര്യങ്ങൾ കോടതിയിൽ നിന്നും പുറത്ത് പോയി. ജുഡീഷ്യറിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ജുഡീഷ്യറിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിൽ പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു.
അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ
തിരുവനന്തപുരം: അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. എറണാകുളത്ത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും പറഞ്ഞ ഇപി, യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു.
നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ഇപി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ അനുവദിക്കില്ല. വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്. യുഡിഎഫിന്റെ വൃത്തികെട്ട പ്രചാരണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് വന്നു. ഇരയെ വേട്ടയാടാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി സി ജോർജിന്റെ പ്രസംഗത്തെ കുറിച്ച് കോൺഗ്രസ്സ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.