
കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ (Dileep) ഫോണിലെ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ. ദിലീപിന്‍റെ രണ്ട് ഫോണിലെ വിവരങ്ങൾ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാൽ കള്ളകേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നും സായ് ശങ്കർ ആരോപിച്ചു. അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ഉദ്യോഗസ്ഥൻ നിർബന്ധിച്ചു. സത്യം തെളിയാൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും സായ് ശങ്കർ കൂട്ടിച്ചേർത്തു.
അതിനിടെ, സായ് ശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ഐപാഡും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സായ് ശങ്കറിന്‍റെ കോഴിക്കോട്ടെ വീട്ടിലാണ് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. രണ്ട് മൗബൈൽ ഫോൺ, ഒരു ഐപാഡ് അടക്കം കസ്റ്റഡിയിലെടുത്തു. കേസിൽ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ് പി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ദിലീപിന് തിരിച്ചടി
വധഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കാമെന്നും അറിയിച്ചു. അതേസമയം, ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. തന്‍റെ വീട്ടിലെ സഹായി ആയിരുന്ന ദാസനെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരായ മൊഴി നൽകിപ്പിച്ചത്. കേസിൽ വിശശദമായ വാദം കേൾക്കുന്നത് വെരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ദിലീപ് അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷഷണം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിൽ ഈമാസം 28 ന് വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ചു.
Also Read: വധ ഗൂഢാലോചന കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
Also Read: ദിലീപിന് വൻ തിരിച്ചടി, വധ ഗൂഢാലോചനക്കേസിൽ അന്വേഷണം സ്റ്റേ ചെയ്യില്ല: ഹൈക്കോടതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam