നടിയെ ആക്രമിച്ച കേസ്; പ്രദീപിനെതിരെ ശക്തമായ തെളിവുകള്‍, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം

By Web TeamFirst Published Nov 20, 2020, 1:05 PM IST
Highlights

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ജനുവരി 20 ന് ഒരു സംഘം എറണാകുളത്ത് യോഗം ചേർന്നു. ഈ യോഗത്തിൽ പ്രദീപ് കുമാർ പങ്കെടുത്തോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടില്‍ പറയുന്നു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി പ്രദീപ് കുമാറിനെതിരെ അന്വേഷണ സംഘം. പ്രദീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രദീപ് കുമാർ കാസർകോട് വന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും ഭീഷണിപ്പെടുത്തിയതിൻ്റെ ഫോൺ രേഖകളും ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രദീപ് തന്നെയാണ് വിപിന്‍ ലാലിന്‍റെ ബന്ധുവിനെ വിളിച്ചതെന്ന്. വിളിച്ചതിന്‍റെ പിറ്റേന്ന് പ്രദീപിന്‍റെ ടവര്‍ ലൊക്കേഷന്‍ പത്തനാപുരത്തുണ്ടായിരുന്നുവെന്നും ഒരു തവണ മാത്രമാണ് സിം ഉപയോഗിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. 

ഭരണകക്ഷി എംഎൽഎയായ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാർ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്. പ്രദീപ് ഒരിക്കൽ ഗണേഷ് കുമാറിനൊപ്പവും മറ്റൊരിക്കൽ തനിച്ചും ജയിലിൽ ദിലീപിനെ സന്ദർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ജനുവരി 20 ന് ഒരു സംഘം എറണാകുളത്ത് യോഗം ചേർന്നു. ഈ യോഗത്തിൽ പ്രദീപ് കുമാർ പങ്കെടുത്തോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടില്‍ പറയുന്നു. അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്ന പ്രദീപ് കുമാറിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

click me!