ഗണേഷിന്‍റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് പ്രദീപ് കുമാര്‍

By Web TeamFirst Published Nov 19, 2020, 5:03 PM IST
Highlights

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളമാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്. 

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളമാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതികളെല്ലാം പ്രദീപ് കുമാർ നിഷേധിച്ചു. ചോദ്യം ചെയ്യൽ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കും. 

മാപ്പുസാക്ഷി വിപിൻ ലാലിൻ്റെ ബന്ധു ജോലി ചെയ്യുന്ന കാസർകോട്ടെ ജ്വല്ലറിയിലെത്തിയത് വാച്ച് വാങ്ങാനെന്ന് എന്നാണ് പ്രദീപ് കുമാർ പറയുന്നത്. വിപിൻ ലാലിൻ്റെ അയൽവാസിയായ യുവതിയെ കണ്ടിട്ടില്ലെന്നും പ്രദീപ് കുമാർ പറയുന്നു. അതേസമയം, കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ അയൽവാസിയായ യുവതി ഡിവൈഎസ്പി ഓഫീസിലെത്തി പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞ് മൊഴി നൽകിയിട്ടുണ്ട്. നവംബർ 5 ന് പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനായി കാസർകോട്ട്  സെഷൻസ് കോടതിയെ സമീപിച്ച പ്രദീപ് കുമാറിനോട് ഇന്ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. 

Also Read: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി

click me!