സെക്രട്ടറിയേറ്റ് തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണോ എന്ന് ഉറപ്പിക്കാൻ സംവിധാനമില്ലെന്ന് ഫോറൻസിക് ലാബ്

By Web TeamFirst Published Nov 19, 2020, 1:14 PM IST
Highlights

ഫാനിന്റെ മോട്ടോർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്.  മണ്ണെണ്ണെയോ, പ്രടോളോ അടക്കമുള്ള തീപിടുത്തമുണ്ടാക്കുന്ന വസ്തുക്കളുടെ  സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കെമിസ്ട്രി വിഭാഗം ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമാണോ എന്ന് കൃത്യമായി കണ്ടെത്തുന്നതിനുള്ള സംവിധാനം ഫോറൻസിക് ലാബിൽ ഇല്ലെന്ന് ഉദ്യോഗസ്ഥരുടെ മൊഴി. തീപിടിത്തുമുണ്ടായ സ്ഥലത്തു നിന്നുള്ള സാംപിളുകൾ പരിശോധിച്ച ഫോറൻസിക് അസിസ്റ്റന്റുമാരാണ് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. ദേശീയ ലാബിലേക്ക് സാമ്പിളുകൾ അയക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടി.

സെക്രട്ടറിയേറ്റിലെ തീപിടുത്തമുണ്ടായ സാമ്പിളുകൾ പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തതിന് കാരണമെന്ന് കൃത്യമായി കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ ലാബിൽ ഇല്ലെന്ന് ഫിസിക്സ് വിഭാഗം ഫോറൻസിക് ഉദ്യോഗസ്ഥർ മൊഴി നൽകിയത്.

ഫാനിന്റെ മോട്ടോർ പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്നും മൊഴിയിലുണ്ട്.  മണ്ണെണ്ണെയോ, പെട്രോളോ അടക്കമുള്ള തീപിടുത്തമുണ്ടാക്കുന്ന വസ്തുക്കളുടെ  സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കെമിസ്ട്രി വിഭാഗം ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി, കേന്ദ്രസർക്കാരിന് കീഴിലുള്ള ബെംഗളൂരുവിലെയോ കൊച്ചിയിലെയോ ലാബിലേക്ക് സാമ്പിളുകൾ അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സെക്രട്ടിയേറ്റിലെ തിപീടുത്തത്തിന് കാരണം ഫാൻ ഉരുകിയത് മൂലമുണ്ടായ ഷോർട്ട് സർക്യൂട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ ഫാനിൽ നിന്നും സ്വച്ചിലേക്കുള്ള വയറുകൾ പരിശോധിച്ച ഫോറൻസിക് വിഭാഗത്തിന് ഷോർട്ട് സ‍ർക്യൂട്ട് കണ്ടെത്താനായിരിന്നില്ല. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക്  ഉദ്യോഗസ്ഥരുടെ മൊഴിയും പുറത്തു വരുന്നത്.

സെക്രട്ടറിയേറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് ബോധ്യപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ബിജെപിയുടെ ആരോപണം ശരിവയ്ക്കന്നതാണ് ഫോറൻസിക് കണ്ടെത്തുലകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.

click me!