
കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. ജാമ്യം എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു. ഇന്നലത്തെ സംഭവവികാസങ്ങൾ മുഴുവൻ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാൻ ആണോ ശ്രമം. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആവില്ല. വേണമെങ്കിൽ ഒരു മാസത്തിനകം പോലും കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടാനറിയാം. ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ബോബി ചെമ്മണ്ണൂർ ആരാണ്. നീതി ന്യായ വ്യവസ്ഥ ഇവിടെയുണ്ടെന്നും പറഞ്ഞ ഹൈക്കോടതി 12 മണിക്ക് കാരണം കാണിച്ച് വിശദീകരണം നൽകാനും നിർദേശം നൽകി. അല്ലാത്ത പക്ഷം ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞു. നിയമത്തിനും മുകളിലാണെന്നു തോന്നുന്നുണ്ടോയെന്നും ഹൈക്കോടതി ബോബി ചെമ്മണ്ണൂരിനോട് ചോദിച്ചു.
അതേസമയം, ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam