
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നൽകി നടി വിൻസി അലോഷ്യസ്. നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിൻസി ആവർത്തിച്ചു. മൊഴിയുടെ വിശദാംശങ്ങൾ പുറത്തു പറയാനാകില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയിലെ വിവരങ്ങൾ പുറത്ത് വന്നതിൽ അതൃപ്തിയുണ്ട്. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നൽകിയെന്ന് വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ സമേതമാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കാനെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഷൈന്‍ മടങ്ങി.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായതോടെയാണ് ഏറെ വൈകിയുള്ള ഇന്‍റേണല്‍ കമ്മറ്റിയുടെ ഇടപെടൽ. നാലംഗ കമ്മറ്റി കൊച്ചിയിൽ നടത്തിയ അന്വേഷണത്തിൽ വിൻസി അലോഷ്യസ് ആദ്യം എത്തി. വൈകിട്ട് അഞ്ചരയോടെ ഷൈൻ ടോം ചാക്കോയും എത്തി. കുടുംബത്തോടൊപ്പമാണ് ഷൈൻ എത്തിയത്. മൊഴിയെടുപ്പ് 3മണിക്കൂറോളം നീണ്ടു.
ഇരു ഭാഗവും കേട്ടതോടെ അന്തിമ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ഫിലിം ചെമ്പറിന്റെ മോണിറ്ററിങ് കമ്മറ്റിക്ക് കൈമാറുകയാണ് അടുത്ത നടപടി. റിപ്പോർട്ടിൽ ഗൗരവകരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിൽ ഷൈനിനെതിരെ നടപടി എടുക്കാനും കമ്മറ്റിക്ക് നിർദേശം നൽകാം. നിർദേശം എന്ത് തന്നെയായാലും അത് അനുസരിക്കാൻ സിനിമ സംഘടനകൾ ബാധ്യസ്ഥരാണ്.