
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നതായി പരാതി. വിങ് കമാൻഡർ ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണ് ആക്രമിക്കപ്പെട്ടതെന്ന് ആദിത്യ ബോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറയുന്നു.
ഞായറാഴ്ച വൈകുന്നേരം ദമ്പതികൾ സിവി രാമൻ നഗറിലെ ഡിആർഡിഒ കോളനിയിൽ നിന്ന് കാറിൽ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. രു ബൈക്ക് യാത്രികൻ തങ്ങളുടെ വാഹനത്തെ പിന്തുടർന്ന് കന്നഡയിൽ അസഭ്യം പറയാൻ തുടങ്ങി. കാറിൽ ഡിആർഡിഒ സ്റ്റിക്കർ കണ്ടതോടെ അക്രമി കൂടുതൽ മോശമായി മാറുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് ആദിത്യ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ബൈക്ക് യാത്രികൻ താക്കോൽ കൊണ്ട് തന്റെ നെറ്റിയിൽ കുത്തി പരിക്കേൽപ്പിച്ചു.
ഇൻസ്റ്റാഗ്രാം വീഡിയോയിൽ, വിംഗ് കമാൻഡർ ബോസിന്റെ മുഖത്തും കഴുത്തിലും പരിക്കുകൾ കാണാം. ആക്രമണത്തിൽ പരിക്കേറ്റ ആദിത്യുടെ മുഖത്തെ ചോരപ്പാടുകളും വീഡിയോയിൽ വ്യക്തമാണ്. ഈ സംഭവത്തിന് ശേഷം വീണ്ടും ആദിത്യയെ ആക്രമിച്ച ബൈക്ക് യാത്രികനായ അക്രമി, വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സംഭവം വിശദീകരിച്ചുള്ള വീഡിയോയിൽ താൻ ചുറ്റും കൂടിയവരോട് സഹായം തേടിയിട്ടും ഒരാളും മുന്നോട്ടുവന്നില്ലെന്ന നിരാശയും ആദിത്യ പങ്കുവയ്ക്കുന്നു.
കൊൽക്കത്തയിലേക്ക് പോകാനുള്ള തിരക്കിലായതിനാൽ ആദിത്യ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും.തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.