കരയ്ക്ക് അടുക്കാതെ വിഴിഞ്ഞം; പാറക്കല്ലില്ല, മത്സ്യത്തൊഴിലാളികളും എതിർപ്പിൽ

By Web TeamFirst Published Sep 13, 2019, 10:52 AM IST
Highlights

കടലിൽ കല്ലിട്ട് നികത്തിയുള്ള പുലിമുട്ട് നിർമ്മാണമാണ് പ്രധാനപ്രശ്നമായി അദാനി ​ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്നത്. പുലിമുട്ട് 3100 മീറ്റർ വേണ്ടിടത്ത് ഇതുവരെ തീർന്നത് 650 മീറ്റ‍ർ മാത്രമാണ്. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ അനിശ്ചിതത്വം. പുലിമുട്ട് നിർമ്മാണത്തിൽ അസാധാരണമായ കാലതാമസം നേരിടുന്നതായി അദാനി ​ഗ്രൂപ്പ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സർക്കാരിന് അവലോകന റിപ്പോർട്ട് നൽകി. പാറക്കല്ല് ക്ഷാമവും മത്സ്യത്തൊഴിലാളികളുടെ എതിർപ്പും സർക്കാർ അടിയന്തരമായി തീർക്കണമെന്നാണ് അദാനി ​ഗ്രൂപ്പിന്റെ ആവശ്യം. സർക്കാരിന് നൽകിയ അവലോകന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കരാർ പ്രകാരം സ്വപ്ന പദ്ധതിയുടെ ആദ്യ ഘട്ടം തീരേണ്ടത് ഈ വർഷം ഡിസംബറിലാണ്. അദാനി കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ നിർമ്മാണ കമ്പനി വഴി സർക്കാരിന് നൽകിയ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കടലിൽ കല്ലിട്ട് നികത്തിയുള്ള പുലിമുട്ട് നിർമ്മാണമാണ് പ്രധാനപ്രശ്നമായി അദാനി ​ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്നത്. പുലിമുട്ട് 3100 മീറ്റർ വേണ്ടിടത്ത് ഇതുവരെ തീർന്നത് 650 മീറ്റ‍ർ മാത്രമാണ്. 

15000 മെട്രിക് ടൺ പാറയാണ് ഒരു ദിവസം ആവശ്യമായി വരുന്നതെങ്കിലും നിലവിൽ ലഭിക്കുന്നത് 3000 മെട്രിക് ടൺ കല്ലുകൾ മാത്രമാണ്.19 ഇടത്ത് ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി തേടിയതെങ്കിലും അദാനി ​ഗ്രൂപ്പിന് അനുമതി നൽകിയത് മൂന്നിടത്താണ്. എന്നാൽ അതിൽ പൊട്ടിക്കൽ തുടങ്ങിയത് ഒരിടത്ത് മാത്രം.

അതേസമയം, പ്രളയകാലത്ത് വിഴിഞ്ഞത്തിന്റെ പേരിൽ അദാനിക്ക് ക്വാറി അനുമതി നൽകിയ സർക്കാർ നടപടി വിവാദത്തിലാണ്. പാറക്കല്ല് കൊണ്ടുവരേണ്ട ബാധ്യത അദാനിക്ക് തന്നെയാണെന്നാണ് സർക്കാർ നിലപാട്. പുനരധിവാസ പാക്കേജ് ഇനിയും കിട്ടാത്ത മത്സ്യത്തൊഴിലാളികൾ ഇപ്പോൾ തുറമുഖ നിർമ്മാണത്തിനെതിരാണ്. ചുറ്റുമതിൽ കെട്ടുന്നതിനെയും പുതിയ ഫിഷിംഗ് ഹാർബർ പണിയാനുള്ള അദാനിയുടെ നീക്കത്തെയും മത്സ്യത്തൊഴിലാളികൾ എതിർക്കുന്നു. 

ഈ പ്രശ്നങ്ങളും ഉടൻ തീർക്കണമെന്നാണ് അദാനി ആവശ്യപ്പെടുന്നത്. ഇതിനകം ഓഖി ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടമടക്കം ചൂണ്ടിക്കാട്ടി നാലുതവണ അദാനി ​ഗ്രൂപ്പ് കാലാവധി നീട്ടാൻ സർക്കാരിനോട് അനുമതി തേടി. എന്നാൽ മൂന്ന് തവണയും സർക്കാർ ആവശ്യം തള്ളിയിരുന്നു. അവസാനം നൽകിയ അപേക്ഷ പഠിക്കാൻ സർക്കാർ വിദഗ്ധസമിതിക്ക് വിട്ടിരിക്കുകയാണ്. 

click me!