'കടലാസ് പുലിയായ സുഗതൻ പോയാലെന്ത്?', നവോത്ഥാന സമിതിയിലെ വിള്ളലിൽ വെള്ളാപ്പള്ളി

By Web TeamFirst Published Sep 13, 2019, 10:37 AM IST
Highlights

ശബരിമല പ്രക്ഷോഭത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയെ പിളർപ്പിനെക്കുറിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ആലപ്പുഴ: നവോത്ഥാന സംരക്ഷണ സമിതിയിലെ പിളർപ്പ് കാര്യമാക്കാനില്ലെന്ന് സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ. സമിതി വിട്ട ജോയിന്‍റ് കണ്‍വീനര്‍ സി പി സുഗതനെതിരെ രൂക്ഷവിമർശനവും വെള്ളാപ്പള്ളി നടത്തി. സുഗതൻ പോയതുകൊണ്ട് നവോത്ഥാന സമിതിയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. സി പി സുഗതന് പണ്ടേ പാർലമെന്‍ററി മോഹമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹിന്ദു പാർലമെന്‍റ് അംഗമാണ് സി പി സുഗതൻ. സുഗതന്‍റെ നേതൃത്വത്തിൽ അമ്പതോളം സമുദായസംഘടനകളാണ് നവോത്ഥാന സംരക്ഷണ സമിതി വിട്ടത്. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്‍റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമെന്നാണ് സൂചന.

സി പി സുഗതന്‍റെ രീതി പണ്ടേ ശരിയല്ലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇത് തുടക്കത്തിലേ താൻ പറഞ്ഞതാണ്. ഹിന്ദു ഐക്യം ലക്ഷ്യമിട്ടാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. നവോത്ഥാന സംരക്ഷണത്തിന് ഏതറ്റം വരെയും എസ്എൻഡിപി പോകാൻ തയ്യാറാണ്. സി പി സുഗതൻ വെറും കടലാസ് പുലിയാണ്. സുഗതൻ പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ല. പൂർവാധികം ശക്തിയോടെ നവോത്ഥാന സംരക്ഷണ സമിതി പ്രവർത്തിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009-ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്‍റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സി പി സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്‍റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്‍റ് ആത്മീയ സഭാ നേതാക്കളും വ്യക്തമാക്കുന്നു.

click me!