അദാനിയുമായുള്ള വൈദ്യുതി കരാർ ആയുധമാക്കി കോണ്‍ഗ്രസ്; വൻ അഴിമതിയെന്ന് ചെന്നിത്തല, ചീറ്റിയ ബോംബെന്ന് പിണറായി

By Web TeamFirst Published Apr 2, 2021, 5:06 PM IST
Highlights

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം കെഎസ്ഇബി തള്ളിക്കളഞ്ഞു

തിരുവനന്തപുരം: അദാനിയുമായുള്ള വൈദ്യുതി കരാർ സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കി ആഞ്ഞടിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അദാനിയുമായുള്ള വൈദ്യുതി കരാർ ഉയർത്തി സംസ്ഥാന സർക്കാറിനെതിരെ ബിജെപി ബന്ധവും അഴിമതിയും ഒരുമിച്ച് ഉന്നയിക്കുകയാണ് കോൺഗ്രസ്. കരാറിനെ കുറിച്ച് എഐസിസി വക്താവ് രൺദീപ് സിംഗ് സുർവേ വാല ഉന്നയിച്ച ആക്ഷേപങ്ങൾ ആവർത്തിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാറിനെ വെട്ടിലാക്കാൻ ശ്രമിക്കുന്നത്. 

കേന്ദ്ര-സംസ്ഥാന സർക്കാറും അദാനിയും തമ്മിലെ കരാറിൽ വൻ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. കാറ്റാടിയിൽ നിന്നും അദാനി ഗ്രൂപ്പ് ഉല്പാദിപ്പിക്കുന്ന വൈദ്യുതി 25 വർഷത്തേക്ക് 8850 കോടി രൂപക്ക് വാങ്ങാനുള്ള കരാറിൽ വൻ അഴിമതിയെന്നാണ് ആക്ഷേപം. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുമ്പോൾ യൂണിറ്റിന് 2.81 രൂപ നിരക്കിലുള്ള കരാറിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അദാനി-സംസ്ഥാന സർക്കാർ ബന്ധത്തിൽ ദുരൂഹത ഉന്നയിച്ച് രംഗത്തെത്തി. പിണറായി വിജയന്‍ കണ്ണൂരിലുള്ളപ്പോള്‍ അദാനി കുടുംബത്തിലുള്ള ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയോയെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിനെ എതി‍ർക്കുന്ന സംസ്ഥാന സർക്കാർ പക്ഷെ വൈദ്യുതിവാങ്ങലിൽ അദാനിയുമായി ചേർന്ന് ഒത്തുകളിക്കുന്നുവെന്നാണ് പ്രതിപക്ഷ ആക്ഷേപം. സ്വർണ്ണക്കടത്ത് കേസ് ഒത്ത് തീർപ്പാക്കാൻ കേന്ദ്രവുമായുള്ള പാലമാണ് അദാനിയുമായുള്ള കരാർ എന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

എന്നാൽ ഇതാണ് ബോംബെങ്കിൽ ചീറ്റിപ്പോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാരമ്പര്യേതര ഊർജ്ജം നിശ്ചിത ശതമാനം ഓരോ സംസ്ഥാനവും വാങ്ങണമെന്ന കേന്ദ്ര റഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകരാമാണ് കരാർ എന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം. കേന്ദ്രസർക്കാറിന് കീഴിലെ സോളാര്‍ എനര്‍ജി കോര്‍പറേഷനുമായാണ് കെഎസ്ഇബിക്ക് കരാറുള്ളതെന്ന് വൈദ്യുതി മന്ത്രി എംഎം മണി വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ നേതാവിന്‍റെ ആരോപണം കെഎസ്ഇബിയും തള്ളിക്കളഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പാരമ്പര്യേതര ഊാര്‍ജ്ജം വാങ്ങുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ദീര്‍ഘകാല കരാര്‍ മാത്രമാണ് നിലവിലുള്ളതെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി.

click me!