
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നതില്‍ നടന്‍ ദിലീപിനെ (Dileep) ചോദ്യം ചെയ്യുന്നത് തുടരുന്നു. രാവിലെ ഒന്‍പതിന് ആംരംഭിച്ച ചോദ്യംചെയ്യല്‍ ആറാം മണിക്കൂറിലേക്ക് കടന്നു. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യുന്നത്. ഐ ജി ഗോപേഷ് അഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ ചിത്രീകരിക്കും.
ചോദ്യങ്ങള്‍ക്ക് ദിലീപും മറ്റുള്ളവരും മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ സഹകരിക്കുന്നുണ്ടോ എന്ന് പറയാറായിട്ടില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു. വിലയിരുത്തലുകൾക്ക് ശേഷം ഇക്കാര്യം പറയാം. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു എന്നും എഡിജിപി പറഞ്ഞു.
അതിനിടെ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്‍റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. അതേസമയം മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് പുതിയ ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ തന്നെ വന്ന് കണ്ടിട്ടുമുണ്ട്. കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീക്കാം എന്നു പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുളള അടുപ്പം മുതലാക്കി അന്തിമ കുറ്റപത്രത്തിൽ പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്ന് കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും കളളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam