കടപ്പുറമാകെ കയ്യേറുന്ന ഒരു നാട്. അടിമലത്തുറയിൽ ലത്തീൻ പള്ളിക്കമ്മിറ്റിയുടെ ഭൂമി തട്ടിപ്പ് സംബന്ധിച്ച അന്വേഷണം തുടങ്ങുന്നത് സെപ്റ്റംബർ മാസമാണ്. കടലൊന്നാഞ്ഞടിച്ചാൽ മുങ്ങുന്ന തീരത്ത് എങ്ങനെ നൂറിലധികം വീടുകളും മറ്റ് സമുച്ഛയങ്ങളും ഉയരുന്നു. ഈ സംശയമാണ് അന്വേഷണത്തിന് ഇന്ധനം നൽകിയത്. പഞ്ചായത്തിലും വില്ലേജിലും കളക്ട്രേറ്റിലും പള്ളിമേടയിലും എല്ലാം കയറി വിവരങ്ങൾ തിരക്കി. ചിലർ സഹകരിച്ചു, ചിലർ മുഖം തിരിച്ചു, മറ്റുചിലർ തെറ്റിദ്ധരിപ്പിച്ചു. പിന്നെ രേഖകൾ ഒന്നൊന്നായി എടുക്കാനായി കാത്തിരിപ്പ്. ജനുവരി മാസമായതോടെ രേഖകൾ കൈയിലെത്തി. അടിമലത്തുറയിൽ നടക്കുന്നത് തീരം കൊള്ളയെന്ന് 2019 ആദ്യം തന്നെ സർക്കാരിന് ബോധ്യപ്പെട്ടതാണ്. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. തീരം കാർന്ന് തിന്ന് വീടുകളും കണ്‍വെൻഷൻ സെന്‍ററും എല്ലാം ഒന്നൊന്നായി പൊങ്ങി.  എല്ലാരും കണ്ണടച്ചു. ആരുണ്ടിവിടെ ചോദിക്കാനെന്ന മട്ടിൽ അടിമലത്തുറ അമലോത്സഭ മാതാ പള്ളിയിലെ വൈദികനും പള്ളിക്കമ്മിറ്റിയും സർവ്വാധികാരികളായി. നിയമങ്ങൾ നോക്കുകുത്തിയായി.

പുനരധിവാസം എന്ന തട്ടിപ്പ്

വേലിയേറ്റമുണ്ടായാലുള്ള അതിർത്തിയിൽ നിന്നും ഇരുപത് മീറ്റർ മാറി കുരിശുകൾ സ്ഥാപിച്ചാണ് കൈയ്യേറ്റം തുടങ്ങിയത്. ഒരുകിലോമീറ്റർ നീളത്തിൽ ഒന്നൊന്നായി കുരിശുകൾ സ്ഥാപിച്ചു. കൈയ്യേറ്റത്തിന് കുരിശിനെ കാവലാക്കി. ഇത് തീർത്ഥാടന കാലത്തെ ‘കുരിശിന്‍റെ വഴിയെ’ എന്ന വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് ചോദ്യങ്ങൾ ഉന്നയിച്ചവരെ ധരിപ്പിച്ചു. എന്നാൽ പിന്നീട് ഈ കുരിശുകൾക്ക് പിന്നിലായുള്ള തീരത്ത് നടത്ത് കണ്ണെത്താദൂരത്തോളം കയ്യേറ്റം. സർക്കാർ റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നത് മൂന്ന് സെന്‍റായി 328 പ്ലോട്ടുകളായി തീരം വിഭജിക്കപ്പെട്ടുവെന്നാണ്. അതായത് ഒൻപതരയേക്കർ കൈയ്യേറ്റം. മൂന്ന് സെന്‍റായി തിരിച്ച ഭൂമിക്ക് ഓരോ ലക്ഷം രൂപ പള്ളികമ്മിറ്റി മത്സ്യത്തൊഴിലാളികളിൽ നിന്നും വാങ്ങി. 260ഓളം കുടുംബങ്ങൾക്ക് വിറ്റു. സർക്കാർ ഭൂമിയിൽ നിന്നും പള്ളികമ്മിറ്റി നേടിയെടുത്തത് രണ്ടര കോടി രൂപ. ഇവിടെയാണ് മത്സ്യത്തൊഴിലാളികൾ ലക്ഷങ്ങൾ മുടക്കി വീടുവയ്ക്കുന്നത്. കുടുംബങ്ങളിൽ ആളെണ്ണം കൂടിയപ്പോൾ പളളി പുനരധിവാസം നടപ്പാക്കിയെന്നാണ് വൈദികൻ മെൽബിൻ സൂസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വാങ്ങിയത് സംഭാവനയാണെന്നും സമർത്ഥിച്ചു. എന്നാൽ സ്ഥലം വേണമെങ്കിൽ പണം നൽകണമെന്ന് പള്ളികമ്മിറ്റി നിഷ്ക്കർഷിച്ചതിനെ തുടർന്നാണ് പണം നൽകേണ്ടി വന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതും പട്ടയം അടക്കം വാങ്ങി നൽകുമെന്ന ഉറപ്പിൽ.

പുനരധിവാസത്തിലെ ട്വിസ്റ്റ്

സർക്കാർ തിരിഞ്ഞുനോക്കാത്തതാണോ മത്സ്യത്തൊഴിലാളികളെ സ്വാധീനിക്കാൻ പള്ളിക്കമ്മിറ്റിക്ക് സഹായകമായത്? ഇതന്വേഷിച്ചപ്പോഴാണ് വഞ്ചനയുടെ ചുരുളഴിയുന്നത്. ഇതേസ്ഥലത്ത് സുരക്ഷിത ഇടങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വീടുനൽകാൻ സർക്കാർ പദ്ധതിയിട്ടു. എന്നാൽ ഈ സ്ഥലത്ത് വെള്ളം കയറുമെന്ന് പറഞ്ഞ് വൈദികൾ തന്നെ സർക്കാരിനെ മടക്കി അയച്ചു. ഇതെല്ലാം ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫിഷറീസ് മന്ത്രി മെഴ്സികുട്ടി അമ്മയാണ് വെളിപ്പെടുത്തിയത്. സർക്കാർ പദ്ധതി അട്ടിമറിച്ച വൈദികർ ഇതെ തീരഭൂമി കയ്യേറി. സൗജന്യമായി സർക്കാർ നൽകുമായിരുന്ന ഭൂമി പണം വാങ്ങി പാവം മത്സ്യത്തൊഴിലാളികൾക്ക് വിറ്റു. സർക്കാർ സൗജന്യമായി വീടും നൽകുമായിരുന്ന പദ്ധതി, അതെ സ്ഥലത്ത് തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ചും കടംവാങ്ങിയും മത്സ്യത്തൊഴിലാളികൾ വീടുവയ്ക്കുന്നു. മെഴ്സികുട്ടിയമ്മ പറഞ്ഞതല്ല സത്യം, മറിച്ച് സർക്കാർ പദ്ധതി വൈകിയതാണ് കൈയ്യേറ്റത്തിന് കാരണമെന്നാണ് രൂപതാ വാദം. 

കണ്ടതെല്ലാം കൈയ്യേറി

ഒൻപതര ഏക്കർ സമുദ്രതീര പുറമ്പോക്കിൽ തീർന്നില്ല കൈയ്യേറ്റം. തീരത്ത് തന്നെ മറ്റൊരു ഒന്നര ഏക്കറും പള്ളിക്കമ്മിറ്റി കൈയ്യേറി. അവിടെ ആഡംബര കണ്‍വെൻഷൻ സെന്‍ററും പണിതുയർത്തി. സർക്കാരിന്‍റെ ഒരനുമതിയും ഇല്ലാതെ കയ്യേറ്റ ഭൂമിയിൽ സെന്‍റർ പ്രവർത്തിക്കുന്നു. ഇതിനെതിരെ ഹൈക്കോടതി നടപടിയെടുക്കാൻ ഉത്തരവിട്ടതാണ്, ഇത് നടപ്പാക്കാൻ വന്ന കളക്ടറെ മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി പള്ളികമ്മിറ്റി മടക്കിയയച്ചു. കടൽക്ഷോഭം ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പാക്കാനാണ് സെന്‍റർ പ്രവർത്തിക്കുന്നതെന്നാണ് വികാരി മെൽബിന്‍റെ വാദം. അങ്ങനെയെങ്കിൽ കടൽക്ഷോഭ മേഖലയിൽ വീടുകൾ വയക്കാൻ പള്ളി തന്നെ എന്തിന് നേതൃത്വം നൽകി. ഈ കണ്‍വെന്‍ഷൻ സെന്‍ററിന് വാടകയായി അൻപതിനായിരം രൂപ വരെ വാങ്ങുന്നുവെന്നും നാട്ടുകാർ പറയുന്നു. അങ്ങനെയെങ്കിൽ കയ്യേറ്റ ഭൂമിയിലെ അനധികൃത നിർമ്മാണത്തിന് വാടക ഇനത്തിലും നേടിയെടുത്തത് ലക്ഷങ്ങൾ. ഇതും പോരാതെ പിന്നെയും അൻപത്തിയഞ്ച് സെന്‍റും റവന്യു ഭൂമിയും കയ്യേറിയെന്നാണ് കളക്ടറുടെ കണ്ടെത്തൽ.

പിടിമുറുക്കി റവന്യുവകുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തെ തുടർന്ന് കളക്ടർ ഇടപെട്ടു. ഭൂമികച്ചവടവും കൈയ്യേറ്റവും കളക്ടറും സ്ഥിരീകരിച്ചു. സമുദ്രതീര പുറമ്പോക്കിൽ നിർമ്മിക്കുന്ന വീടുകൾക്ക് പട്ടയം നൽകില്ലെന്ന് റവന്യുമന്ത്രിയും നിലപാടെടുത്തു. ദുരന്ത സാധ്യതാ മേഖലയിൽ പട്ടയം നൽകിയാൽ ദുരന്തങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാകും. അതുകൊണ്ട് ഒരു ഭാഗ്യപരീക്ഷണത്തിന് സർക്കാർ ഒരുക്കമല്ല. മത്സ്യത്തൊഴിലാളികൾ തെരുവിലാകില്ല. സർക്കാരിന്‍റെ പുനരധിവാസ പദ്ധതികളിൽ ഇവരെ ഉൾപ്പെടുത്തുമെന്നാണ് റവന്യുമന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കിൽ ഒരു ചോദ്യം ബാക്കി. ഒരായുസ് മുഴുവൻ കടലിൽ കഷ്ടപ്പെട്ടും കടം വാങ്ങിയും സമാഹരിച്ച തുകയാണ് വീടുകൾക്കായി ഇവർ മുടക്കിയത്. തീരം ഒഴിപ്പിക്കുമ്പോൾ ആ പണം ആരുനൽകും. ഇവരെ ഈ കെണിയിൽ കുരുക്കിയ പള്ളിക്കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

സമാന്തര ഭരണകൂടം

ഇന്ന് അടിമലത്തുറയിൽ എല്ലാം തീരുമാനിക്കുന്നത് പള്ളികമ്മിറ്റിയാണ്. സർക്കാർ ഭൂമി മത്സ്യത്തൊഴിലാളികൾക്ക് വിറ്റതിന് പുറമെ ബാക്കി വന്ന ഭൂമി മോഹവിലക്ക് ലേലം ചെയ്തുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ വെളിപ്പെടുത്തൽ. കയ്യേറ്റ മേഖലയിൽ വെള്ളമെത്തിക്കാൻ സമാന്തര ജലവിതരണ ശൃംഖലയുടെ നടപടിയും പുരോഗമിക്കുന്നു. അവിടെ എത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും രക്ഷയില്ല. തങ്ങൾക്ക് എതിരെന്ന് തോന്നുന്ന എല്ലാ നടപടികളും മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി പള്ളിക്കമ്മിറ്റി ചെറുക്കും. ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ മടക്കി അയക്കും. കണ്‍വെൻഷൻ സെന്‍റര്‍ നിർമ്മാണത്തിനെതിരെ നോട്ടീസ് പതിക്കാനെത്തിയ ഉദ്യോഗസ്ഥരും നേരിട്ടത് ഇത്തരം ദുരനുഭവങ്ങൾ. എന്തിനേറെ പൊലീസിനും ജില്ലാ കളക്ടർക്ക് പോലും രക്ഷയില്ല. പള്ളികമ്മിറ്റിയെ എതിർക്കുന്നവർക്കും തീരത്ത് തുടരാനാകില്ല. വൈദികനോട് കയർത്തതിന്‍റെ പേരിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് പിഴയിട്ടത്. തർക്കം അതിരുകടന്നതോടെ ഊരുവിലക്കും. പൊലീസും കോടതിയും എല്ലാം പള്ളിക്കമ്മിറ്റി തന്നെയെന്ന് നാടുവിട്ടു പോകേണ്ടി വന്ന കുടുംബം പറയുന്നു

തീരദേശമെന്ന വോട്ടുബാങ്ക്

എന്തുകൊണ്ടാണ് നിയമലംഘനങ്ങളും പകൽകൊള്ളയും പ്രകടമായിട്ടും ഒന്നും നിയന്ത്രിക്കാനാകാത്തത്. ഉത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾ തന്നെ. ഈ വിഷയത്തിൽ പ്രതികരണത്തിനായി പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ബന്ധപ്പെട്ടു. തങ്ങളെ ഒഴിവാക്കണം എന്നായിരുന്നു സ്ഥലം എം എൽ എയുടെ അടക്കം അഭ്യർത്ഥന. അതേസമയം ആർജവത്തോടെ നിലപാട് പറഞ്ഞ ന്യൂനപക്ഷം പ്രതീക്ഷ നൽകുന്നു. എന്നാൽ ഒരു പരിധിവിട്ട് ഇതിൽ ആരു ഇടപെടില്ല. കാരണം തിരുവനന്തപുരം ജില്ലിയിലെ ഒരു ലോക്സഭാ മണ്ഡലത്തിലും നാല് അസംബ്ലി മണ്ഡലങ്ങളിലും അനവധി പഞ്ചായത്തുകളിലും നിർണ്ണായക ശക്തിയാണ് തീരദേശം. മതസ്ഥാപനങ്ങൾ നിയത്തെ വെല്ലുവിളിക്കുമ്പോൾ ഇടപെടാനുള്ള ധൈര്യം കാട്ടാതെ നേതാക്കൾ നിശബ്ദരാകും. കണ്ടിട്ടും കാണാതെ കേട്ടിട്ടും കേൾക്കാതെ അവർ അതുവഴി ഇതുവഴി തടിതപ്പും. അപ്പോഴും ഇതുവരെ സർക്കാർ കൈകൊണ്ട നടപടികളെ ഞങ്ങൾ കാണാതിരിക്കുന്നില്ല. റവന്യമന്ത്രി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. ഇനി പന്ത് പിണറായിയുടെ കോർട്ടിൽ.

തീരത്തെ ദുരിതം

അതിമനോഹരമായ തീരമാണ് അടിമലത്തുറ. പതിനായിരങ്ങൾ തങ്ങിപാർക്കുന്നു. അവിടെ അവർ നേരിടുന്ന ദുരിതങ്ങൾ നിരവധിയാണ് കുടിവെള്ള പ്രശ്നം, വെള്ളക്കെട്ട്, മാലിന്യംതള്ളൽ, മത്സ്യബന്ധന മേഖലകളിലെ പ്രശ്നങ്ങൾ, വള്ളവും വലയും നശിക്കുന്ന സ്ഥിതി. ഇവയിലെല്ലാം സർക്കാരിന്‍റെ ശ്രദ്ധ അടിയന്തിരമായ എത്തേണ്ടതുണ്ട്. ഇതിൽ വീഴ്ച വരുമ്പോഴാണ് മത സ്ഥാപനങ്ങൾ ഈ ഇടങ്ങളിലേക്ക് കടന്നുകയറുന്നത്. സദുദ്ദേശ്യത്തോടെയും പലതും അവിടെ നടപ്പാക്കുന്നുണ്ട്. എന്നാൽ കൈയ്യേറ്റവും കച്ചവടവും പോലുള്ള ചൂഷണങ്ങളാണ് മറുഭാഗം.

ഇങ്ങനെപോയാൽ എങ്ങനെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീര പ്രദേശമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വോട്ടുബാങ്ക് കണ്ട് കണ്ണടച്ചാൽ, സംഘടിത ശക്തി കണ്ട് ഭയന്നാൽ എന്താകും അവസ്ഥ. അടിമലത്തുറയെന്ന ഒരു തീരത്ത് മാത്രം 12 ഏക്കർ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇത് കേരളത്തിലെ മറ്റ് തീരങ്ങളിലും നടന്നാൽ എന്താകും സ്ഥിതി. മത്സ്യത്തൊഴിലാളികൾക്ക് ശാസ്ത്രീയമായ പുനരധിവാസം ഉറപ്പാക്കുയാണ് ഇതിനെല്ലാം പരിഹാരം. അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ്, ആത്മാർത്ഥതോടെ ഭരണകൂടം ഇടപെടണം. സർക്കാരും മതസ്ഥാപനങ്ങളും സന്നദ്ധ സ്ഥാപനങ്ങളും തോളോട് തോൾ ചേർന്ന് തീരത്ത് പ്രവർത്തിക്കണം. നിയമത്തിന് മേൽ ആരും പറക്കരുത്. നമ്മുടെ സ്വന്തം സൈന്യമായ കടലിന്‍റെ മക്കൾ ചൂഷണങ്ങളുടെ ചങ്ങലകൾ പൊട്ടിച്ച് പുറത്ത് വരട്ടെ.