അടിമാലി മണ്ണിടിച്ചിൽ; ദേശിയപാത നിർമ്മാണം താത്കാലികമായി നിർത്തിവെക്കും, ഉത്തരവിട്ട് ജില്ലാ കളക്ട‍ർ

Published : Oct 26, 2025, 03:36 PM IST
Landslide at Idukki

Synopsis

അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപികരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശിയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി. റോഡിലും വിടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്.

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ബിജു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യ നിലവില്‍ ചികിത്സയിലാണ്. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതു കാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലില മസിലുകൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങൾക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്. സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു