
കോഴിക്കോട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് ഒടുവില്‍ വ്യാജ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചതായി യുവാവിന്റെ പരാതി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഷിബു (30) ആണ് പരാതി നൽകിയത്. താമരശ്ശേരി ഡി വൈ എസ് പിക്കാണ് പരാതി നല്‍കിയത്. താനറിയാതെ ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റാണ് നിര്‍മിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഫസ്റ്റ് ക്ലാസോടെ പാസായതായാണ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്.
കോടഞ്ചേരി ശാന്തിനഗര്‍ സ്വദേശിയാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതെന്ന് ഷിബു പറയുന്നു. ജപ്പാനില്‍ നല്ല വിസയുണ്ടെന്ന് പറഞ്ഞ് പല സമയങ്ങളിലായി 2.5 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായി ഷിബു പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും വിസ ലഭിക്കാതായതോടെ ഇയാളുടെ ശാന്തി നഗറിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് 1,15,000 രൂപ തിരിച്ചു നല്‍കി. ബാക്കി പണം ആവശ്യപ്പെട്ടപ്പോള്‍ ഷിബുവിന്റെ വീട്ടിലെത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതിനായി വലിയ തുക ചിലവഴിക്കേണ്ടി വന്നതിനാല്‍ ഇനി പണം നല്‍കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്ന് ഷിബു നൽകിയ പരാതിയിൽ പറയുന്നു.