
കോഴിക്കോട്: ലഹരിവസ്തുക്കളുടെ വില്‍പനയിലൂടെ വാങ്ങിയ കാര്‍ പൊലീസ് കണ്ടുകെട്ടി. കോഴിക്കോട് പുതിയങ്ങാടി നീലംകുയില്‍താഴം സ്വദേശി സല്‍മാന്‍ ഫാരിസിന്‍റെ (21) പേരിലുള്ള മാരുതി എസ്റ്റീം കാറാണ് കണ്ടുകെട്ടിയത്.
നടക്കാവ് പണിക്കര്‍ റോഡിൽ വച്ച് 2.42 കിലോഗ്രാം കഞ്ചാവുമായാണ് നടക്കാവ് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് ഫാരിസിനെ പിടികൂടിയത്. ചിക്കന്‍ സ്റ്റാളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഞ്ചാവ് ആവശ്യപ്പെടുന്നവരോട് കടയ്ക്ക് സമീപം വരാന്‍ പറയുകയും ചിക്കന്‍ വാങ്ങാന്‍ വരുന്നവരെന്ന തരത്തില്‍ പെരുമാറി ലഹരി പദാര്‍ത്ഥങ്ങള്‍ കൈമാറുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുറഞ്ഞ കാലയളവില്‍ ഇയാള്‍ വലിയ രീതിയില്‍ പണം സമ്പാദിക്കുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തതോടെ പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങി. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആസ്ഥാനമായ സ്മഗ്ലേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയാണ് സല്‍മാന്‍ ഫാരിസിനെതിരെ നടപടിയെടുത്തത്.