
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ലാ സെഷൻസ് കോടതി. നവീൻ ബാബുവിന്റെ ഭാര്യ ഉന്നയിച്ച നാല് കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്താനാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. നവീൻ ബാബുവിന്റെ ഭാര്യ നല്‍കി ഹർജിയിലാണ് കോടതി നടപടി. പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, കുറ്റപത്രത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഭാര്യ മഞ്ജുഷ കോടതിയെ സമീച്ചത്. ഇതിൽ നാല് കാര്യങ്ങളിൽ അന്വേഷണം നടത്തി മെയ് 30 നകം റിപ്പോർട്ട് നൽകാനാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ്. കോടതിയിൽ വിശ്വാസമെന്നും തുടർ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും സഹോദരൻ പ്രവീൺ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിയായ പി പി ദിവ്യയുടെ പേഴ്സണൽ നമ്പറിലെ വിവരങ്ങൾ മാത്രമാണ് പൊലീസ് ശേഖരിച്ചത്. അതിനാൽ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങൾ കൂടി ശേഖരിക്കണം, പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് കൈക്കൂലി നൽകിയതെന്ന ആരോപണത്തിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം, നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് ആരോപിച്ചുള്ള പരാതി വിജിലൻസ് ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം, പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തി എന്ന് പറയുന്നതിൽ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കണം എന്നീ നാല് കാര്യങ്ങളിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നുൾപ്പെടെ ആരോപണങ്ങൾ ഉയർത്തിയായിരുന്നു കുടുംബത്തിന്റെ ഹർജി. എന്നാൽ കുടുംബം ഉന്നയിച്ച എല്ലാകാര്യങ്ങളിലും തുടരന്വേഷണമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam