
ദില്ലി: സിപിഐ വിട്ട സിസി മുകുന്ദൻ എംഎല്‍എ ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി സിസി മുകുന്ദൻ അംഗത്വം സ്വീകരിച്ചേക്കും. കോൺഗ്രസ് കൈവിട്ടതോടെ മുകുന്ദൻ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ബിജെപി പ്രവേശനം ഉറപ്പിച്ചാല്‍ സിറ്റീംഗ് സീറ്റായ നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിസി മുകുന്ദൻ ബിജെപി സ്ഥാനാര്‍ത്ഥിയാകും.
നാട്ടികയിൽ മത്സരിക്കുന്നതിനായി സിപിഐ വിട്ട സിസി മുകുന്ദൻ എംഎൽഎ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സിസി മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. സുനിൽ ലാലൂര്‍ ആയിരിക്കും നാട്ടികയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുക. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിക്കേണ്ട വോട്ടുകൾ ഭിന്നിക്കുമെന്നും അതുവഴി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയിക്കാമെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. കോണ്‍ഗ്രസും കൈവിട്ടതോടെയാണ് സിസി മുകുന്ദന്‍റെ പുതിയ നീക്കം.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഗീതാ ഗോപിയുടേത് 'പെയ്‌മെന്റ് സീറ്റ്' എന്ന് വിമർശിച്ച സിസി മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു. ആദ്യ ഘട്ടത്തിൽ മുകുന്ദനെ പിന്തുണക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഇപ്പോൾ അവർ പിന്മാറുന്നത് മുകുന്ദന് തിരിച്ചടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam