
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് മഞ്ജുഷ കോടതിയിൽ ഹര്‍ജി നൽകി. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടികാണിക്കുന്നുണ്ട്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയിൽ പറയുന്നത്.
ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല.പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ട്. സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയിൽ പറയുന്നു.
എസ്ഐടി അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്നും നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീണ്‍ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബനാമി ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയില്ല. ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു എസ്ഐടി അന്വേഷണം നടന്നത്.
പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല. പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കളക്ടറുടെ മൊഴിയിലും ഒരുപാട് വൈരുദ്ധങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം അന്വേഷിക്കണം. എസ്ഐടി റിപ്പോർട്ടിൽ അക്കാര്യങ്ങൾ പറയുന്നില്ല. ഗൂഡലോചനടക്കം പുറത്തുവരാൻ പുതിയ അന്വേഷണം വേണം.
എസ്ഐടി അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതേ സംഘം തന്നെ പഴുതടച്ച് വീണ്ടും അന്വേഷിക്കണമെന്നും പ്രവീണ്‍ ബാബു പറഞ്ഞു.