
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതി ഇടപെടൽ തേടി കുടുംബം നൽകിയ ഹർയിൽ അടുത്തമാസം മൂന്നിന് വിധി പറയും. കോടതിയെ സമീപിച്ച് കുടുംബം. പി.പി ദിവ്യ, ടിവി പ്രശാന്ത്, ജില്ലാ കളക്ടർ എന്നിവരുടെ ഫോൺ രേഖകളും, കളക്ടറേറ്റിലേയും റയിൽവേ സ്റ്റേഷനിലേതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
കേസുകളുമായി ബന്ധപ്പെട്ട തെളിവുകൾ എല്ലാം ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏതൊക്കെ ഫോൺ നമ്പറുകളാണ് എടുത്തതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കുടുംബം കോടതിയിൽ ഉന്നയിച്ചു. പ്രശാന്തിന്റെ ഫോൺ രേഖകളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നില്ലെന്നും ആരോപണമുണ്ട്. പ്രതികളല്ലാത്തവരുടെ ഫോൺരേഖകൾ എടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇതിന് പിറകെയാണ് കോടതി കേസ് വിധി പറയാൻ മാറ്റിയത്. പ്രോസിക്യൂഷൻ റിപ്പോർട്ടിൽ തൃപ്തി ഇല്ലെന്നും കേസ് അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നും കുടുംബത്തിന്റെ വക്കീൽ പ്രതികരിച്ചു.