എസ്എൻഡിപി എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മെന്ന് കോണ്‍ഗ്രസിന് സംശയം
തിരുവനന്തപുരം: എസ്എൻഡിപി എൻഎസ്എസ് ഐക്യത്തിന് പിന്നിൽ സിപിഎമ്മെന്ന് കോണ്‍ഗ്രസിന് സംശയം. അതേ സമയം വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഒരേ ദിവസം വി.ഡി സതീശനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നിൽ പാളയത്തിൽ നിന്നുള്ള പണിയുണ്ടോയെന്ന സംശയവും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. തിരിച്ചടിയാകില്ലെന്ന സതീശൻ അനുകൂലികള്‍ കരുതുമ്പോൾ സമുദായ സംഘടനകളെ പിണക്കുന്നുവെന്നാണ് സതീശൻ വിരുദ്ധ ചേരിയുടെ വിമര്‍ശനം.
യുഡിഎഫിനെതിരെ വെള്ളാപ്പള്ളി നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറിയും ഇതിന് ഒപ്പം ചേരുമെന്ന് കോണ്‍ഗ്രസ് കരുതിയില്ല. ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ വ്യത്യാസമില്ലാതെ പരമ്പരാഗത വോട്ടുകള്‍ നേടി ഭരണം പിടിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ വിമര്‍ശിച്ച വി ഡി സതീശനെതിരെ ജി സുകുമാരൻ നായരും തുറന്നടിച്ചത്. ഇതിലെ ആശങ്ക കോണ്‍ഗ്രസിൽ നേതൃത്വത്തിൽ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ മതേതര ചിന്തയുള്ള വോട്ടര്‍മാരുടെ പിന്തുണ കൂടുമെന്നാണ് സതീശൻ അനുകൂലികളുടെ പക്ഷം. സമുദായ നേതാക്കളുടെ ഒരേ സ്വരത്തിലെ വിമര്‍ശനം ജനം തിരിച്ചറിയും. കൂടുതൽ സമുദായ സംഘടകള്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും സതീശൻ അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍, തിരിച്ചടിയാകില്ലെന്ന സതീശൻ അനുകൂലികളുടെ വിലയിരുത്തൽ എതിര്‍ ചേരി അംഗീകരിക്കുന്നില്ല. കാന്തുപരുത്തിന്‍റെ കേരളയാത്രാ സമാപന വേദയിലെ പ്രതിപക്ഷ നേതാവിന്‍റെ വെള്ളാപ്പള്ളി വിമര്‍ശനം പ്രീണനമെന്ന് പറഞ്ഞ് എതിരാളികള്‍ ഉപയോഗിക്കുമെന്നാണ് ഇവരുടെ പക്ഷം. സാമുദായിക സംഘനകളുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന പൊതു സമീപനത്തിന് വിരുദ്ധമായ പ്രസ്താവനയെന്നാണ് സതീശൻ വിരുദ്ധരുടെ വിമര്‍ശനം. എല്ലാ സംഘടനകളെയും കോണ്‍ഗ്രസിന് ഒപ്പം ചേര്‍ത്ത് കൊണ്ടുപോകണമെന്ന് പറയുന്ന ഇക്കൂട്ടര്‍ വി.ഡി സതീശന് അതിന് കഴിഞ്ഞില്ലെന്ന പരാതി നേതൃത്വത്തിന് മുന്പാകെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.



