
പത്തനംതിട്ട: അടൂർ കാർഷിക വികസന ബാങ്ക് ഭരണസമിതിയിലെ കോൺഗ്രസ് സിപിഎം കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. പാർട്ടി ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂർ, ഡിഎൻ തൃദീപ്, എം ആർ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കി. സിപിഎമ്മുമായി കൂട്ടുകൂടിയതിനെതിരെ നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസും പ്രാദേശിക നേതാക്കളും പരാതി നൽകിയിരുന്നു.
സംസ്ഥാന വ്യാപകമായി സിപിഎമ്മുമായി പരസ്യ ഏറ്റുമുട്ടലുകളും സംഘർഷങ്ങളും നടക്കുന്നതിനിടയിലാണ് അടൂരിലെ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ കസേര ഉറപ്പിക്കാൻ സിപിഎമ്മിനെ ഒപ്പം കൂട്ടിയത്. 13 അംഗ ഭരണ സമിതിയിൽ രണ്ട് സീറ്റ് സിപിഎമ്മിന് നൽകിയാണ് മത്സരം ഒഴിവാക്കി ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചത്. ബാങ്ക് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഏഴംകുളം അജുവാണ് ധാരണയുടെ ആസൂത്രകനെന്നാണ് പരാതിക്കാരായ കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ഏഴംകുളം അജുവിന് പുറമെ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറിമാരായ റെജി പൂവത്തൂർ, ഡി എൻ തൃദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരോട് ഡി സി സി പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർദേശിച്ച പാനൽ തള്ളികളഞ്ഞായിരുന്നു സിപിഎം ധാരണയോടെ നേതാക്കൾ മത്സരിച്ചത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുമതിയോടെയല്ല സിപിഎമ്മിനെ കൂട്ടുപിടിച്ചതെന്നാണ് ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ കെ സുധാകരനെ അറിയിച്ചിട്ടുള്ളത്. അടൂരിൽ നിരന്തരം ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത്കോൺഗ്രസുകാരെ മർദ്ദിക്കുകയും പാർട്ടി ഓഫീസുകൾ അടിച്ചു തകർക്കുകയും ചെയ്യുന്ന സാഹചപര്യത്തിൽ ബാങ്കിൽ ധാരണ ഉണ്ടാക്കിയ നേതാക്കൾക്കെതിരെ നടപിടിയില്ലെങ്കിൽ കൂട്ടരാജിയുണ്ടാവുമെന്നും ചില പ്രാദേശിക നേതാക്കൾ കെ സുധാകരന് അയച്ച് കത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കെപിസിസി സംഭവത്തിൽ സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടത്.