യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചെന്ന എഡിജിപി അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടി.
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത് കുമാറിനെതിരായ എസ് ഐ ടി അന്വേഷണ റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.
കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം ഉയർന്നു.
കോൺഗ്രസ് യുവജന സംഘടനകൾക്കുള്ളിൽ വിമർശനം
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപി അജിത്കുമാറിനുള്ള സർക്കാർ സംരക്ഷണം തുടരുന്നതിൽ കോൺഗ്രസ് യുവജന സംഘടനകൾക്കുള്ളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിസംഗത തുടരുകയാണെന്നാണ് വിമർശനം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ച സംഭവത്തിലെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്ന് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് ചെന്നിത്തല കയ്യൊഴിയുന്നു.


