
തിരുവനന്തപുരം: അമ്മ അനുപമ (anupama) അറിയാതെ കുട്ടിയെ ദത്ത് (adoption)നൽകിയ സംഭവത്തിൽ ഡിഎൻഎ (dna) പരിശോധന നടത്തണോ എന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. പേരൂർക്കട സ്വദേശിയായ അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വ്യാജരേഖയുണ്ടാക്കി ദത്ത് നൽകിയെന്ന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ദത്ത് നൽകിയ കുട്ടി ആന്ധ്രപ്രദേശിലെ ദമ്പതികളുടെ കൈയിലാണെന്നും ഈ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നും അനുപമ തിരുവനന്തപുരം കുടുംബകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
അതേ സമയം പൊലീസിനോടും സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് സെന്ററിനോടും അമ്മ അറിയാത ദത്ത് നൽകിയതെന്ന പരാതിയിൽ അന്വേഷണപുരോഗതി റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന റിപ്പോർട്ടാകും പൊലീസും സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് സെന്ററും നൽകുകയെന്നാണ് വിവരം. അമ്മ കുഞ്ഞിനെ തേടുന്നുവെന്ന വാർത്ത വിവാദമായതോടെയാണ് ദത്തെടുപ്പ് നടപടികൾ നിർത്തിവയ്ക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. തുടർന്ന് ദത്ത് കോടതി സ്റ്റേ ചെയ്തു.
അതിനിടെ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ പൊലീസിന് നിർദേശം നൽകി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിർദ്ദേശം. മന്ത്രിയുടെ വിവാദ പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അനുപമയുടെ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടർനടപടിയുണ്ടാകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam