
കാസര്‍കോട്: കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തിലുറച്ച് മുതിര്‍ന്ന നേതാവും കെപിസിസി മുന്‍ വൈസ് പ്രസിഡണ്ടുമായ അഡ്വ സി.കെശ്രീധരന്‍.മറ്റന്നാള്‍ സിപിഎമ്മില്‍ ചേരും.ഇടതു പക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തന്നെയാണ് തീരുമാനം.വർഗീയ ശക്തികളോട് സമരസപ്പെടുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.ജവഹർലാൽ നെഹ്‌റുവിന്‍റെ മഹത്തായ കാഴ്ച്ചപ്പാടുകളെപോലും തകർക്കാൻ ശ്രമം നടക്കുന്നു.ഇത്തരം നിലപാടുകളോട് യോജിക്കാൻ കഴിയില്ല.വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്. കോൺഗ്രസിന് അപചയമാണെന്നും കെപിസിസി പ്രസിഡന്‍റിന് ആർഎസ്എസ് അനുകൂല നിലപാടെന്നും സികെ ശ്രീധരൻ കുറ്റപ്പെടുത്തിയിരുന്നു.കെപിസിസി വൈസ് പ്രസിഡന്‍റായിരുന്ന അഡ്വ. സി.കെ ശ്രീധരനെ പുനസംഘടനയില്‍ അംഗം പോലുമാക്കിയിരുന്നില്ല. അന്ന് തുടങ്ങിയ അതൃപ്തിയാണ് ഇപ്പോള്‍ സിപിഎമ്മിലേക്കുള്ള തീരുമാനത്തിലെത്തിയത്.കാഞ്ഞങ്ങാട്ട് ശനിയാഴ്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വച്ച് ഔദ്യോഗികമായി സിപിഎമ്മില്‍ ചേരും.
ആന്‍റണി അടക്കം മുതിര്‍ന്ന കോണ‍്ഗ്രസ് നേതാക്കളുമായി വ്യക്തിബന്ധമുണ്ട് അഡ്വ. സികെ ശ്രീധരന്. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍. പ്രമാദമായ ചീമേനി കേസ് മുതല്‍ ടിപി ചന്ദ്രശേഖരന്‍ കേസ് വരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്‍റെ തേരാളിയായിരുന്നുു അദ്ദേഹം. ആത്മകഥയായ, ജീവിതം നിയമം നിലപാടുകള്‍ കഴിഞ്ഞ മാസം പ്രകാശനം ചെയ്യാന്‍ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.കോണ്‍ഗ്രസ് വിടുകയാണെന്ന് അന്നേ പറയാതെ പറഞ്ഞു അഡ്വ. സികെ ശ്രീധരന്‍. എന്നാല‍് തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു പരസ്യ പ്രതികരണം. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കെ. സുധാകരന്‍ തന്നെ ഇടപെട്ടെങ്കിലും നേരിട്ട് കാണാന്‍ പോലും ഇദ്ദേഹം തയ്യാറായില്ല. ഒടുവില്‍ പതിറ്റാണ്ടുകളുടെ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ നിന്ന് സികെ ശ്രീധരന് ചെങ്കൊടിയിലേക്കുള്ള മാറ്റം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam