തീർത്ഥാടകരോട് പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുന്നു, ശബരിമലയിൽ ദേവസ്വം ബോർഡ് കാഴ്ച്ചക്കാർ; രൂക്ഷ വിമർശനം

By Web TeamFirst Published Jun 10, 2019, 10:00 PM IST
Highlights

ബോ‍ര്‍ഡിന്‍റെ ഭരണം സർക്കാർ വകുപ്പുകൾ തട്ടിയെടുത്തു. ശബരിമലയിൽ അയ്യപ്പനിരിക്കുന്നത് ലോകത്തെമ്പാടുമുള്ള തീർത്ഥാടകർക്ക് വേണ്ടിയാണ്. അല്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന്‍റെ നേട്ടത്തിന് വേണ്ടിയല്ലെന്ന് കമ്മീഷണര്‍ 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർ‍ഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് വെറും കാഴ്ചക്കാർ മാത്രമാണെന്നും പോലീസ് അടക്കമുള്ള സർക്കാറിന്‍റെ വിവിധ വകുപ്പുകൾ ശബരിമലയുടെ ഭരണം കൈയ്യടക്കിയെന്നുമാണ് കണ്ടെത്തൽ. റിപ്പോർട്ട് ഹൈക്കോടതി നാളെ പരിഗണിക്കും.

പമ്പയിലേക്ക് തീർത്ഥാകരുടെ സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി നിയോഗിച്ച് അഡ്വക്കറ്റ് കമ്മീഷണറാണ് തിരുവിതാം കൂർ ദേവസ്വം ബോർഡിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിക്കുന്നത്. തീർത്ഥാടകർ അനുഭിക്കുന്ന പ്രയാസങ്ങൾ വിവരണാതീതമാണെന്ന് വിലയിരുത്തുന്ന കമ്മീഷണർ ബോ‍ര്‍ഡിന്‍റെ ഭരണം പോലീസ്, കെഎസ്ആർടിസി , ഫോറസ്റ്റ് അടക്കമുള്ള സർക്കാർ വകുപ്പുകൾ തട്ടിയെടുത്തെന്ന് കുറ്റപ്പെടുത്തുന്നു. ശബരിമലയിൽ അയ്യപ്പനിരിക്കുന്നത് ലോകത്തെമ്പാടുമുള്ള തീർത്ഥാടകർക്ക് വേണ്ടിയാണ്. അല്ലാതെ തിരുവിതാം കൂർ ദേവസ്വം ബോർ‍ഡിന്‍റെ നേട്ടത്തിന് വേണ്ടിയല്ലെന്നാണ് കമ്മീഷണര്‍ കുറ്റപ്പെടുത്തുന്നത്. 

തീർത്ഥാടകരോട് പോലീസ് നടത്തുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമായി കാര്യങ്ങളാണ്. എല്ലാ മാസ പൂജയുടെയും തലേ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ശബരിമല തുറക്കുന്നുണ്ട്. എന്നാൽ തീർത്ഥാടകരെ പോലീസ് പമ്പയിൽ തടയുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം മാത്രമാണ് ഇപ്പോഴും മലകയറാൻ അനുവദിക്കുന്നത്. എന്തിനാണ് തീർത്ഥാടകരോട് പോലീസ് ഇങ്ങനെ പെരുമാറുന്നതറയില്ല. അതിനാൽ ഈ നിയന്ത്രണം ഉടൻ നീക്കാൻ ഇടപെടണമെന്ന് റിപ്പോർട്ടിൽ അഡ്വക്കറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ശുപാർശ ചെയ്യുന്നത്.

നിലയ്ക്കലിൽ പാർക്കിംഗിനായി നിരവധി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. കൂടാതെ മണ്ഡല- മകര വിളക്ക് കാലത്ത് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകരുടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നുണ്ട്. ഇക്കാര്യത്തിൽ പുനപരിശോധന വേണം. പലപ്പോഴും കെഎസ്ആർടിസിയുടെ ദയയ്ക്കായി തീർത്ഥാടകർ കാത്ത് നിൽക്കേണ്ട ഗതികേടാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

click me!