
കണ്ണൂർ: ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടിയത് അഡ്വ ഡെലീറ്റ ടൈറ്റസിൻ്റെ ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതിയെന്നും എന്നാൽ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു. തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇവിടെ നിന്നാണ് ഫ്ലാറ്റിലേക്ക് എത്തുന്നത്.
ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്ന ആയങ്കി ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസിനെ കണ്ടതോടെ ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക.
പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു. അതേസമയം, അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം നടക്കുന്നുണ്ട്. വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ. കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം.
ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam