
ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുമ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി ധാരണ തള്ളി കെ സുധാകരനും അടൂര്‍ പ്രകാശും. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാല്‍ ശാസന നേരിടേണ്ടി വരുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. സുധാകരന്‍ അനുകൂലികള്‍ കെപിസിസിയിലേക്ക് പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സുധാകരനെ അനുനയിപ്പിക്കാന്‍ സണ്ണി ജോസഫ് തന്നെ ഇടപെട്ടു.
സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുള്ള കെ സുധാകരന്‍റെ നീക്കവും സമുദായ സംഘടന വഴിയുള്ള അടൂര്‍ പ്രകാശിന്‍റെ സമ്മര്‍ദ്ദവും. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച സുധാകരന്‍ ധര്‍മ്മടത്ത് പിണറായിക്കെതിരെ വേണമെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അടൂര്‍ പ്രകാശും വ്യക്തമാക്കി. മത്സരിക്കേണ്ടെന്ന ധാരണ മറികടക്കാനുള്ള എംപിമാരുടെ നീക്കത്തെിന് കെപിസിസി തടയിട്ടു
നേതാക്കളുടെ താക്കീതെത്തിയതോടെ സുധാകരന്‍ അനുകൂലികള്‍ ഇളകി. സണ്ണി ജോസഫിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെപിസിസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. സുധാകരനെ അനുനയിപ്പിക്കാന്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഇടപെട്ടു. പ്രകടനം നടത്താനൊരുങ്ങിയവരെ സുധാകരന്‍ പിന്തിരിപ്പിച്ചു. അതേ സമയം സിറ്റിംഗ് എംഎല്‍എമാര്‍ എല്ലാവരും മത്സരിക്കട്ടെയെന്നായിരുന്നു കെപിസിസിയുടെ നിലപാടെങ്കിലും പെരുമ്പാവൂര്‍ സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ എഐസിസി സര്‍വേയുടെ കൂടി അടിസ്ഥാനത്തിലാകും തീരുമാനം. ലൈംഗിക പീഡനാരോപണ കേസില്‍ പെട്ട എല്‍ദോസ് കുന്നപ്പള്ളി പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കേസിന്‍റെ വിവരങ്ങളുമായി ദില്ലിയിലെത്തി നേതാക്കളെ കണ്ടു.
അതേ സമയം, എംപിമാർ മത്സരിക്കണമോ എന്ന് ചോദ്യത്തിന് തീരുമാനമെടുക്കേണ്ടത് പാർട്ടിയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഗണേഷ് കുമാറിനെതിരായ ആരോപണം പത്തനാപുരത്തെ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഗണേഷ് കുമാറിനെതിരായ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും സുരേഷ് പറഞ്ഞു. മത്സരിക്കുമോ എന്നത് പാർട്ടി തീരുമാനിക്കും എന്ന് എം കെ രാഘവനും പറഞ്ഞു. തെരഞ്ഞെടുപ്പിൽ മലപ്പുറം കഴിഞ്ഞാൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിക്കുന്ന ജില്ല കോഴിക്കോട് ആയിരിക്കുമെന്നും കോഴിക്കോട് സീറ്റ് ധാരണയിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും എം കെ രാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam