
കോഴിക്കോട്: യൂത്ത് കോൺഗ്രസിന് പിന്നാലെ കെപിസിസി നേത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യുവും. കോൺഗ്രസിലെ എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിയിൽ ഉള്ളൂവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു.
പാർട്ടിയിൽ നേതാക്കളോടുള്ള വിധേയത്ത്വം കൂടുന്നു അവസ്ഥയുണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത ഉണ്ടാക്കുന്നു. കോൺഗ്രസിൽ ചെറുപ്പക്കാർ മത്സരിക്കുന്നിടത്ത് ചിലർ അസ്വരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
ഈ അധ്യയന വർഷത്തെ പൊതു പരീക്ഷ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് മാർച്ച് മാസമാണ്. ഇത് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. പഠിക്കാൻ സമയം കുറവാണ് എന്നതാണ് പ്രധാന ന്യൂനത. അതിനാൽ പൊതു പരീക്ഷകൾ ( SSLC ഹയർ സെക്കൻഡറി) മെയ് മാസം അവസാനത്തേക്ക് മാറ്റണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. പഠന സിലബസ് പുനപരിശോധിക്കാനും സർക്കാർ തയ്യാറാവണമെന്നും അഭിജിത്ത് പറഞ്ഞു.
കോളേജുകൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്ക് ബസ് യാത്ര ഇളവ് ചിലയിടത്ത് നിഷേധിക്കപ്പെടുന്നു. ബസുടമകൾ അത് പരിഹരിക്കണം. വാളയാർ കേസിൽ ഇരകളായ പെൺകുട്ടികളോട് നീതി കാട്ടാൻ സർക്കാറും സാംസ്കാരിക പ്രവർത്തകരും ഒന്നും ചെയ്യുന്നില്ല.
കെ.എസ്.യു. കോടതി നിർദ്ദേശിച്ച പുനർ വിചാരണ സ്വാഗതം ചെയ്യുന്നു. എങ്കിലും പുനരന്വേഷണമാണ് വേണ്ടത്. വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണം. ഹാത്റാസ് കേസിൽ യോഗി ആദിത്യനാഥ് യു പിയിൽ സ്വീകരിച്ച അതേ നിലപാടാണ് വാളയാർ വിഷയത്തിൽ പിണറായി സ്വീകരിക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam