സംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു;സമ്പുഷ്ട കേരളം പദ്ധതിയുടെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി

By Web TeamFirst Published Jan 6, 2021, 4:35 PM IST
Highlights

സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോര്‍പ്പറേഷനുകളിലും ഓരോ ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്. ഓരോ ഐ.സി.ഡി.എസ്. പരിധിയിലും ആഴ്ചയില്‍ രണ്ടുദിവസം പോഷകാഹാര വിദഗ്ധന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും ആറ് കോര്‍പ്പറേഷനുകളിലും ഓരോ ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ വീതമാണ് ആരംഭിച്ചിട്ടുള്ളത്. ഓരോ ഐ.സി.ഡി.എസ്. പരിധിയിലും ആഴ്ചയില്‍ രണ്ടുദിവസം പോഷകാഹാര വിദഗ്ധന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ക്ലിനിക്കുകളിലൂടെ സേവനം ലഭ്യമാകുന്നത്.

ന്യൂട്രീഷന്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ നിര്‍ണായക ചുവടുവയ്പ്പായി ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടെ പോഷകാഹാര ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനും നിറവേറ്റുന്നതിനും സഹായിക്കുക, പോഷകാഹാര കൗണ്‍സലിങ് നല്‍കുക, പോഷകാഹാരം വികസിപ്പിക്കുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാനാവശ്യമായ മാറ്റങ്ങള്‍ വരുത്തുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്താല്‍ ക്ലിനിക്കുകളിലൂടെ അടിസ്ഥാന പോഷകാഹാര വിദ്യാഭ്യാസം നല്‍കുന്നതാണ്. ഗുണഭോക്താക്കളെ ബോധവത്കരിക്കുന്നതിന് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ നല്‍കും. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്നതോടൊപ്പം പ്രതിരോധശേഷി ശക്തിപ്പെടുത്തി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യും. 
ന്യൂട്രീഷന്‍ ക്ലിനിക്കില്‍ വരുന്ന വ്യത്യസ്ത ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ബോധവത്കരണ പാംഫ്‌ലെറ്റുകളുടെയും, ക്ലിനിക്കില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

click me!