
മലപ്പുറം: ദേശീയപാതയിൽ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ആഴ്ചകൾക്കിടയിൽ നാലാമത്തെ അപകടമാണ് ഇവിടെ നടന്നത്. സ്ഥിരം അപകട മേഖലയായ സ്ഥലത്ത് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സജീവമായ ഇടപെടലുകൾ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും വീണ്ടും അപകടങ്ങൾ തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ മാസം 21-നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു. ഈ മാസം ഒമ്പതിനും വട്ടപ്പാറ വളവില്‍ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടമുണ്ടായി. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്. കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് വൻ അപകടവും വട്ടപ്പാറയിൽ നടന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകൾ ആണ് പൊലിഞ്ഞത്.
വളവിന്റെ ഘടനയിലെ പ്രത്യേകത മൂലം ആണ് അപകടങ്ങൾ ഇവിടെ നിത്യസംഭവമാകുന്നത്. മിക്കപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന വലിയ ചരക്കുലോറികളാണ് അപകടത്തിൽ പെടാറ്. കൊടുംവളവും ഇറക്കവും ചേരുന്ന ഇവിടെ ഡ്രൈവർമാരുടെ പരിചയക്കുറവും ആണ് ദുരന്തത്തിന് വഴി വയ്ക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും ശാശ്വത പരിഹാരം കാണാൻ ഇത് വരെ അധികൃതര്‍ക്ക് ആയിട്ടില്ല. തുടർച്ചയായ അപകടങ്ങളിൽ പൊറുതി മുട്ടി ഈ മേഖലയിലെ ചില വീട്ടുകാർ താമസമൊഴിഞ്ഞു പോയതുൾപ്പെടെ മുമ്പ് വാർത്തയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam