
പാലക്കാട്: വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി തര്‍ക്കത്തിന് വന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെ തന്‍റെ മൂക്കിന് ശക്തിയായി ഇടിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ മീണ പറയുന്നു.
മൂക്കില്‍ നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ ടിടിഇ വിനോദ് കുമാറിനെ ഇതേ രീതിയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരൻ തള്ളിയിട്ട് കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് ശേഷവും സമാനമായ പല സംഭവങ്ങളും ആവര്‍ത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ഇതോടെ വീണ്ടും ചര്‍ച്ചയിലാവുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam